എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് റിക്കാർഡ് പോളിംഗ്. 77.68 ശതമാനമാണ് പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണൂർ ലോക്സഭാ മണ്ഡലത്തിലാണ്. 83.05. കുറവ് തിരുവനന്തപുരം മണ്ഡലത്തിലാണ് 73.45 ശതമാനം.
സംസ്ഥാനത്ത് ഏട്ടു ലോക്സഭാ മണ്ഡലങ്ങളിൽ പോളിംഗ് ശതമാനം 80 കടന്നു. കാസർഗോഡ്, കണ്ണൂർ,വടകര,വയനാട്,കോഴിക്കോട്,ആലത്തൂർ, ചാലക്കൂടി, ആലപ്പുഴ മണ്ഡലങ്ങളിലാണ് 80 ശതമാനത്തിനു മുകളിൽ പോളിംഗ് നടന്നത്. ഏറ്റവും ശക്തമായ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച മണ്ഡലങ്ങളിലെല്ലാം മികച്ച പോളിംഗ് ശതമാനം തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനം ഏറെ ഉറ്റു നോക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട തൃശൂർ മണ്ഡലങ്ങളിൽ ശക്തമായ മത്സരം തന്നെയാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് ശതമാനം ഉയർന്നിട്ടുണ്ട്. ചില മണ്ഡലങ്ങളിലെ പോളിംഗ് രാത്രി 10.30 കഴിഞ്ഞു തുടർന്നിരുന്നു. വടകര,പാലക്കാട്,പത്തനംതിട്ട,തിരുവനന്തപുരം മണ്ഡലങ്ങളിലാണ് പോളിംഗ് രാത്രി വൈകി അവസാനിച്ചത്. കാര്യമായ അക്രമ സംഭവങ്ങൾ പോളിംഗ് കഴിയുന്നതുവരെ ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല.
പോളിഗ് മെഷീനുകളുടെ തകരാർ സംഭവിച്ച സ്ഥലങ്ങളിലാണ് പോളിംഗ് അവസാനിക്കാൻ വൈകിയത്. 2014-ൽ 74.02 ശതമാനവും 2009-ൽ 73.37 ശതമാനവുമായിരുന്നു പോളിംഗ്. കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ പോളിംഗ് ശതമാനമാണ് ഇത്തവണത്തേത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേയും പോളിംഗ് ശതമാനം 70 ശതമാനത്തിനു മുകളിൽ പോയിട്ടുണ്ട്.
പോളിംഗ് ശതമാനം കൂടിയത് മൂന്നു മുന്നണികളുടേയും നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. തീരദേശ മേഖലകളിലടക്കം വലിയ ജനപങ്കാളിത്തമാണ് വോട്ടു ചെയ്യാനുണ്ടായിരുന്നത്. സംസ്ഥാനത്ത് ആർക്ക് അനുകൂലമായ തരംഗമാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമായി പറയാൻ ഒരു മുന്നണിയ്ക്കും കഴിയുന്നില്ലെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കാര്യമായ അവകാശ വാദവുമായി ആരും തന്നെ ഇതുവരെ രംഗത്ത് വന്നില്ലെന്നതും ശ്രദ്ധേയമാണ്.
ബി.ജെ.പി വലിയ പ്രതീക്ഷ വച്ചു പുലർത്തുന്ന മണ്ഡലങ്ങളായ തൃശൂർ,പത്തനംതിട്ട,തിരുവനന്തപുരം മണ്ഡലങ്ങളിൽ പോളിംഗ് ശതമാനം ഉയർന്നത് അവരുടെ പ്രതീക്ഷ കൂട്ടിയിട്ടുണ്ട്. തങ്ങൾക്കും കാര്യമായ മേൽക്കൈയ് ലഭിക്കുമെന്ന് തന്നെയാണ് എൽഡി.എഫിന്റേയും യുഡി.എഫിന്റേയും അവകാശവാദം. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ 80.31 ശതമാനമാണ് പോളിംഗ്. രാഹുൽ മൂന്നുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ കണക്കു പ്രകാരം 2,0313833 പേർ കേരളത്തിൽ സമ്മതിദാന അവകാശം വിനിയോഗിച്ചിട്ടുണ്ട്. 13 മണ്ഡലങ്ങളിൽ പത്തു ലക്ഷത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് കാസർഗോഡ് മണ്ഡലത്തിലാണ്1096470. പുരുഷൻമാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതൽ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.
10612049 സത്രീകൾ വോട്ട് ചെയ്തപ്പോൾ 9701721 പുരുഷമാർ മാത്രമെ വോട്ട് രേഖപ്പെടുത്തയിട്ടുള്ളു. 15 ട്രാൻസ്ജൻഡർമാർ വോട്ട് ചെയ്ത തിരുവനന്തപുരമാണ് ഇക്കാര്യത്തിൽ മുന്നിൽ. മൊത്തം 63 ട്രാൻസ്ജൻഡർമാരാണ് ഇത്തവണ സമ്മതിദാന അവകാശം വിനിയോഗിച്ചത്. അടുത്ത മാസം 23നാണ് വോട്ടെണ്ണൽ. അതുവരെ കൂട്ടലും കിഴിക്കലുമായി മുന്നണികളും സ്ഥാനാർഥികളും കളംനിറഞ്ഞു തന്നെ കാണുമെന്ന് ഉറപ്പ്.