പ്രത്യേക ലേഖകൻ
തൃശൂർ: തൃശൂർ ജില്ലയിലെ മൂന്നു ലോക്സഭാ മണ്ഡലങ്ങളിൽ മൂന്നര മുതൽ അഞ്ചര വരെ പോളിംഗ് ശതമാനം വർധിച്ചു. ഓരോ മണ്ഡലത്തിലും കഴിഞ്ഞ തവണത്തേക്കാൾ അന്പതിനായിരം മുതൽ എഴുപതിനായിരംവരെ വോട്ടർമാർ അധികമായി വോട്ടു ചെയ്തു.
പോളിംഗ് വർധിച്ചതിന്റെ നേട്ടകോട്ടങ്ങളുടെ കണക്കുകൾ കൂട്ടിയും കിഴിച്ചും ചർച്ച ചെയ്യുന്ന തിരക്കിലാണ് മുന്നണി നേതാക്കളും പ്രവർത്തകരും. കൂടുതൽപേർ വോട്ടു ചെയ്യാൻ എത്തിയത് തങ്ങൾക്കു ഗുണമായെന്നാണ് മൂന്നു മുന്നണികളുടേയും അവകാശവാദം. തെരഞ്ഞെടുപ്പു കമ്മീഷന്റെ അവസാന കണക്കുകൾ നാളെ രാവിലെ പുറത്തുവിടുന്പോൾ ശതമാനനിരക്ക് ഇനിയും വർധിക്കും. രണ്ടു ശതമാനംവരെ നിരക്ക് ഉയരാനാണ് സാധ്യത.
ത്രികോണ മൽസരത്തിനു സമാനമായ പോരാട്ടം നടന്ന തൃശൂർ ലോക്സഭ മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ 5.69 ശതമാനം പേർ കൂടുതൽ വോട്ടു ചെയ്തു. 13.36 ലക്ഷം വോട്ടർമാരാണു തൃശൂർ മണ്ഡലത്തിലുള്ളത്. ചാലക്കുടി മണ്ഡലത്തിൽ പോളിംഗ് വർധിച്ചത് 3.52 ശതമാനം. ചാലക്കുടിയിൽ ഇത്തവണ ആകെ 12.29 ലക്ഷം വോട്ടർമാരാണ് ഉള്ളത്. ആലത്തൂരിൽ 3.92 ശതമാനമാണു വർധന. 12.64 ലക്ഷം വോട്ടർമാർ ഇവിടെയുണ്ട്.
ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ പയറ്റിയ ഹിന്ദു വർഗീയ ധ്രുവീകരണ കാർഡ് എത്രത്തോളം തുറുപ്പുചീട്ടാകും. കഴിഞ്ഞ തവണ തൃശൂർ, ചാലക്കുടി മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥികൾ നാൽപതിനായിരത്തോളം വോട്ടുകൾ പിടിച്ചിരുന്നു. കൈപ്പത്തിയിൽ വീഴുമായിരുന്ന വോട്ടുകളാണ് ഇവയിലേറേയും.
തൃശൂർ ലോക്സഭ മണ്ഡലത്തിൽ നടൻ സുരേഷ് ഗോപി സ്ഥാനാർഥിയായതിനാലാണ് പോളിംഗ് ശതമാനം വർധിച്ചതെന്നാണു ബിജെപിയുടേയും എൻഡിഎയുടേയും അവകാശവാദം. മോദിവിരുദ്ധ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി കൂടുതൽ പോൾ ചെയ്തതുകൊണ്ടാണെന്നു കോണ്ഗ്രസ് ക്യാന്പ്. സംസ്ഥാനത്തിന്റെ ഭരണമികവിനും ബിജെപിയുടെ വർഗീയവത്കരണത്തിനും എതിരേ ജനം ഉണർന്നെന്നാണ് എൽഡിഎഫ് വാദിക്കുന്നത്.
പോളിംഗ് ശതമാനം വർധിച്ചത് വിധി നിർണയത്തെ ബാധിക്കും. രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ മാത്രമല്ല ജനവിധിയെ സ്വാധീനിക്കുന്നത്. സ്ഥാനാർഥിയുടെ വ്യക്തിത്വവും വർഗീയ ധ്രുവീകരണവുമെല്ലാം വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്. യുഡിഎഫിന്റെ ടി.എൻ. പ്രതാപനും എൽഡിഎഫിന്റെ രാജാജി മാത്യു തോമസും ഏറ്റവും ഒടുവിൽ പ്രചാരണത്തിന് എത്തിയ എൻഡിഎയുടെ സുരേഷ് ഗോപി എംപിയും വ്യക്തിത്വ മികവുള്ള സ്ഥാനാർഥികൾതന്നെ.
എന്നാൽ താരമെന്ന നിലയിലും ഹിന്ദു സമുദായ വികാരം ഇളക്കിവിട്ടും സുരേഷ് ഗോപി എത്ര വോട്ട് അധികമായി നേടിയിട്ടുണ്ടാകും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ലക്ഷം വോട്ടു മാത്രം നേടിയ ബിജെപി 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭ മണ്ഡലത്തിൽ രണ്ടു ലക്ഷം വോട്ടു നേടിയിരുന്നു.
ഇത്തവണ ശബരിമല വിഷയം അടക്കമുള്ളവ ഉയർത്തിക്കാട്ടി എൻഡിഎ അധിക വോട്ടുകൾ നേടുമോ എങ്കിൽ അത് യുഡിഎഫിനോ എൽഡിഎഫിനോ ക്ഷീണമാകുമോ ഹിന്ദു വർഗീയതയുടെ ധ്രുവീകരണം മനസിലാക്കി മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളടങ്ങുന്ന ന്യൂനപക്ഷങ്ങളുടെ വോട്ടുകൾക്കും ധ്രുവീകരണം ഉണ്ടായിട്ടുണ്ടോ ഉണ്ടെങ്കിൽ അത് യുഡിഎഫിനോ എൽഡിഎഫിനോ ഗുണം ചെയ്യുമോ ഇത്തരം ചോദ്യങ്ങൾക്ക് ഇപ്പോൾ പ്രസക്തി വർധിച്ചിരിക്കുകയാണ്.
ചാലക്കുടിയിലും ആലത്തൂരിലും മൂന്നു ശതമാനത്തിലധികം പേരാണ് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ടു രേഖപ്പെടുത്തിയത്. രണ്ടിടത്തും എൻഡിഎ സ്ഥാനാർഥികൾ അതിശക്തമായ അടിയൊഴുക്കുകൾ സൃഷ്ടിച്ചിട്ടില്ല.ചാലക്കുടിയിൽ ഇന്നസെന്റ്് ഇത്തവണ സിപിഎം സ്ഥാനാർഥിയായി അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണു മത്സരിച്ചത്.
കഴിഞ്ഞ തവണ ഇടതു സ്വതന്ത്രനായി കുടം ചിഹ്നത്തിൽ മൽസരിച്ചപ്പോൾ ലഭിച്ച വോട്ടുകൾ ഇത്തവണ അരിവാളുകൊണ്ട് കൊത്തിയെടുത്തിട്ടുണ്ടാകുമോ കഴിഞ്ഞ തവണത്തെ താരപ്പൊലിമ ഇത്തവണയും വോട്ടാകുമോ 1,750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന അവകാശവാദത്തെ വോട്ടർമാർ കണ്ണടച്ചു വിശ്വസിക്കുന്നില്ലെന്നും യുഡിഎഫ് ക്യാന്പിലുള്ളവർ പറയുന്നു.
യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാന് അസുഖംമൂലം ഒരാഴ്ച ആശുപത്രിയിൽ കഴിയേണ്ടി വന്നെങ്കിലും അതു ക്ഷീണമുണ്ടാക്കിയിട്ടില്ലെന്നും അവർ വാദിക്കുന്നു.ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ കൂടുതൽ വളർത്തിയത് എൽഡിഎഫായിരുന്നു. എൽഡിഎഫ് നേതാവ് ഉന്നയിച്ച അധിക്ഷേപകരമായ പരാമർശത്തോടെ രമ്യയെ ആലത്തൂരിലെ ജനം കൂടുതൽ ഇഷ്ടപ്പെടുകയാണുണ്ടായത്.
പ്രചാരണത്തിൻറെ കലാശക്കൊട്ടലിൽ എൽഡിഎഫ് കല്ലെറിഞ്ഞ് ആശുപത്രിയിലാക്കിയതോടെ രമ്യയെ ആലത്തൂരുകാർ മകളായി സ്വീകരിച്ചെന്നാണു യുഡിഎഫിന്റെ അവകാശവാദം. പ്രചാരണത്തിനിടെ പാടിയ പാട്ടും പ്രസംഗവുമെല്ലാം വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്. പോളിംഗ് ശതമാനം വർധിച്ചത് വിജയത്തിന്റെ അടയാളമാണെന്ന് യുഡിഎഫ് ക്യാന്പ് വാദിക്കുന്നു.
ഏതാനും തവണയായി ഇടതു കോട്ടയാക്കിയ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് സിറ്റിംഗ് എംപിയായ പി.കെ. ബിജു പ്രചാരണവിഷയമാക്കിയത്. കൂടുതൽ പേർ വോട്ടു ചെയ്യാനെത്തിയത് തങ്ങളുടെ ജനപിന്തുണ വർധിച്ചതിനു തെളിവാണെന്നാണ് എൽഡിഎഫിന്റെ അവകാശവാദം. സത്യമെന്തെന്ന് അറിയാൻ ഒരു മാസം കാത്തിരിക്കണം. മേയ് 23 നു വോട്ടെണ്ണുന്പോൾ അറിയാം, ജനവിധി എന്തെന്ന്.