ചാലക്കുടി: കളഞ്ഞുകിട്ടിയ 70,000 രൂപ ഉടമസ്ഥനെ കണ്ട ുപിടിച്ച് തിരികെ നൽകി കെഎസ്ആർടിസി ജീവനക്കാരൻ മാതൃകയായി. കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറായ നെടുന്പാൾ സ്വദേശി തട്ടാപറന്പിൽ കൊച്ചുമോന്റെയും കൂറാലിയുടെയും മകൻ പ്രഭാകരനാണ് സമൂഹത്തിനു മാതൃകയായത്.
കഴിഞ്ഞ 12 ന് ഡ്രൈവർ മുരളീധരനുമായി സർവീസ് പോകവെ ബസിൽ അലസമായി കിടന്നിരുന്ന പഴകിയ ബാഗ് കാണുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോൾ പഴകിയ വസ്ത്രങ്ങൾക്കിടയിൽ 70,000 ത്തോളം രൂപ കണ്ടെത്തുകയായിരുന്നു. ഉടനെ ചാലക്കുടി ഡിപ്പോയിൽ ഏൽപ്പിച്ചെങ്കിലും ആരും എത്തിയില്ല.
പിന്നീട് ബാഗിൽനിന്നു ലഭിച്ച ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് ആളെ കണ്ടെത്തി തുക തിരികെ ഏൽപ്പിക്കുകയായിരുന്നു. മൂവാറ്റുപുഴ കോലഞ്ചേരിയിൽ താമസിക്കുന്ന കുര്യൻ ഉതുപ്പിന്റേതായിരുന്നു ബാഗ്. അദ്ദേഹം കോഴിക്കോട് അനുജന്റെ വീട്ടിലേക്കു യാത്ര പോകുന്പോഴാണു ബാഗ് നഷ്ടപ്പെട്ടത്.
ചാലക്കുടി ആര്യങ്കാലയിൽ താമസിക്കുന്ന പ്രഭാകരൻ 20 കൊല്ലത്തോളമായി കെഎസ് ആർടിസിയിൽ സേവനമനുഷ്ഠിക്കുന്നു. ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണു തുക കൈമാറിയത്.