എസ്.ആർ.സുധീർകുമാർ
കൊല്ലം: പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടിംഗിൽ കൊല്ലത്ത് മുന്പെങ്ങുമില്ലാത്ത ആവേശം. രാവിലെ ഏഴുമുതലാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നതെങ്കിലും 6.30മുതൽ തന്നെ ജില്ലയിലെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയാണ് ദൃശ്യമായത്. രാവിലെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ എത്തിയവരിൽ കൂടുതലും സ്ത്രീകളെക്കാൾ പുരുഷന്മാരായിരുന്നു.വോട്ടിംഗിലെ ഈ ആവേശം പോളിംഗ് സമാപിക്കുന്ന വൈകുന്നേരം ആറുവരെ മിക്ക ബൂത്തുകളിലും ദൃശ്യമായിരുന്നു.
ചില ബൂത്തുകളിൽ വൈകുന്നേരം ആറിന് ശേഷം ടോക്കൺ വിതരണം ചെയ്ത് ആൾക്കാരെ വോട്ട് ചെയ്യാൻ അനുവദിക്കുകയും ചെയ്തു. നിർദിഷ്ട സമയത്തിന് ശേഷവും 160 ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര ഉണ്ടായിരുന്നു.രാവിലെ മുതൽ തന്നെ ബൂത്തുകളിലേയ്ക്ക് വോട്ടർമാർ പതിവിന് വിപരീതമായി ഒഴുകി എത്തിയത് സ്ഥാനാർഥികളെയും രാഷ്ട്രീയ പാർട്ടി പ്രവർത്തകരെയും അത്ഭുതപ്പെടുത്തി.കാലാവസ്ഥയിലെ മാറ്റം ആയിരിക്കും ആദ്യമണിക്കൂറിലെ പോളിംഗിലെ തിരക്ക് വർധിക്കാൻ കാരണമെന്ന് മുന്നണികൾ വിലയിരുത്തിയെങ്കിലും ഈ നിഗമനം ശരിയല്ലെന്ന് അവർക്ക് തന്നെ ബോധ്യമായി.
വേനൽ കടുത്തിട്ടും വോട്ട് ചെയ്യാൻ എത്തുന്നവരുടെ എണ്ണത്തിൽ എങ്ങും കുറവൊന്നും കണ്ടില്ല. തീരദേശ മേഖലയിലും മലയോര മേഖലയിലും അടക്കം വോട്ടർമാർ ബൂത്തുകളിലെത്തി ഒരു മണിക്കൂറിലധികം ക്യൂവിൽ നിന്ന ശേഷമാണ് വോട്ട് രേഖപ്പെടുത്തി മടങ്ങിയത്. കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ എഴ് അസംബ്ലി മണ്ഡലങ്ങളിലും ഇത് തന്നെയായിരുന്നു സ്ഥിതി.
ഉച്ചകഴിഞ്ഞാണ് ബൂത്തുകളിൽ കൂടുതൽ സ്ത്രീകൾ വോട്ട് ചെയ്യാനെത്തിയത്. തെളിഞ്ഞ കാലാവസ്ഥയും വോട്ടിംഗിന് അനുഗ്രഹമായി. കൊല്ലത്തെ വോട്ടിംഗ് രംഗത്ത് ഒരിടവേളയിൽ പോലും പോളിംഗ് ശതമാനത്തിൽ കാര്യമായ കുറവ് ഉണ്ടായതുമില്ല. പോളിംഗിന്റെ ഗ്രാഫ് അനുനിമിഷം എല്ലായിടത്തും ഉയരുന്ന അനുഭവമാണ് എല്ലായിത്തും ദർശിക്കാനായത്. കൊല്ലം പാർലമെന്റ് മണ്ഡലത്തിലും ജില്ലയിൽ ഒരിടത്തുനിന്നും കാര്യമായ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
പോളിംഗ് ആദ്യത്തെ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ കൊല്ലത്ത് 5.28 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. രാവിലെ ഒന്പത് ആയപ്പോൾ ഇത് 10.86 ആയി ഉയർന്നു. പത്തിന് 13.50, 11ന് 27.10, 12ന് 30.71 എന്നിങ്ങനെയായിരുന്നു ഔദ്യോഗിക പോളിംഗ് ശതമാനം. 11നും 12നും ഇടയ്ക്കാണ് കൊല്ലത്ത് കൂടുതൽ പോളിംഗ് നടന്നത്. ഉച്ചയ്ക്ക് 12.30 ആയപ്പോൾ വോട്ടിംഗ് ശതമാനം 35.72 ആയി വർധിച്ചു. ഒന്നിന് ഇത് 40.45 ശതമാനമായി ഉയർന്നു.
1.30ന് 43.02 ആയിരുന്നു പോളിംഗ് ശതമാനം.അസംബ്ലി മണ്ഡങ്ങളിലും ഇതേ പാറ്റേണിലായിരുന്നു വോട്ടിംഗ് ശതമാനം.
രാവിലെ പത്തിന് അംസംബ്ലി മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ചവറ-14.06, പുനലൂർ-14.53, ചവറ-14.88, കുണ്ടറ-15.27, കൊല്ലം-13.86, ഇരവിപുരം-14.18, ചാത്തന്നൂർ-13.06 എന്നിങ്ങനെ ആയിരുന്നു.
ഉച്ചയ്ക്ക് 12 ആയപ്പോൾ ചവറ-29.68, പുനലൂർ-31.92, ചടയമംഗലം-31.88, കുണ്ടറ-31.79, കൊല്ലം-31.14, ഇരവിപുരം-29.89, ചാത്തന്നൂർ-28.23 എന്നിങ്ങനെയും ഉച്ചയ്ക്ക് ഒന്നിന് ചവറ-38.07, പുനലൂർ-40.06, ചടയമംഗലം-40.65, കുണ്ടറ-39.97, കൊല്ലം-39.07, ഇരവിപുരം-37.75, ചാത്തന്നൂർ-35.89 എന്നിങ്ങനെ ശതമാനം ഉയർന്നു.ഉച്ചകഴിഞ്ഞ് രണ്ടിന് പാർലമെന്റ് മണ്ഡലത്തിലെ പോളിംഗ് ശതമാനം 44.84 ആയി ഉയി ഉയർന്നു. ചവറ-42.37, പുനലൂർ-44.89, ചടയമംഗലം-44.81, കുണ്ടറ-44.59, കൊല്ലം-43.74, ഇരവിപുരം-41.65, ചാത്തന്നൂർ-41.14 എന്നതാണ് ഈ സമയം അംസംബ്ലി മണ്ഡലത്തിൽ സമ്മതിദാനാവകാശം വിനിയോഗിച്ചവരുടെ ശതമാന കണക്ക്.
ഉച്ചകഴിഞ്ഞ് 2.30 ആയപ്പോൾ കൊല്ലത്തെ പോളിംഗ് ശതമാനം 50 കടന്നു. 51.33 ആണ് ഇപ്പോഴത്തെ ശതമാനം. ചവറ-49.15, പുനലൂർ-51.32, ചടയമംഗലം-51.46, കുണ്ടറ-50.97, കൊല്ലം-49.88, ഇരവിപുരം-48.43, ചാത്തന്നൂർ-48.04 എന്നിങ്ങനെയാണ് കണക്ക്.മൂന്നിന് കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ പോളിംഗ് ശതമാനം 56.88 ആയും വൈകുന്നേരം നാലിന് 57.60 ആയും ഉയർന്നു. ചവറ-63.57, പുനലൂർ-63.69, ചടയമംഗലം-64.24, കുണ്ടറ-64.15, കൊല്ലം-63.29, ഇരവിപുരം-62.10, ചാത്തന്നൂർ-61.62 എന്നിങ്ങനെ ആയിരുന്നു അസംബ്ലികളിലെ പോളിംഗ്. 4.30ന് ലോക്സഭാ പോളിംഗ് ശതമാനം 63.62 ലേയ്ക്ക് എത്തി.
വൈകുന്നേരം അഞ്ചിന് 63.63 ആണ് കൊല്ലത്തെ പോളിംഗ് ശതമാനം. ചവറയിൽ 63.99, പുനലൂർ-63.93, ചടയമംഗലം-64.65, കുണ്ടറ-64.53, കൊല്ലം-64.05, ഇരവിപുരം-62.29, ചാത്തന്നൂർ-61.73 എന്നിങ്ങനെയാണ് അസംബ്ലി മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനം.
വൈകുന്നേരം 5.30 കഴിഞ്ഞപ്പോൾ കൊല്ലം പാർലമെന്റിലെ പോളിംഗ് ശതമാനം 70.01ൽ എത്തി. ചവറ-71, പുനലൂർ-69.36, ചടയമംഗലം-70.36, കുണ്ടറ-71.20, കൊല്ലം-70.44, ഇരവിപുരം-69.00, ചാത്തന്നൂർ-68.63 എന്നിങ്ങനെ വോട്ട് രേഖപ്പെടുത്തി. ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം അനുസരിച്ച് 73.03 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.