കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാപകമായ കള്ളവോട്ടും അക്രമവും നടത്തിയതായി യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ പത്രസമ്മേളനത്തിൽ ആരോപിച്ചു. മുഖ്യമന്ത്രിയുടെ സ്വന്തം ബൂത്ത് ഉൾപ്പെടെ 97 പോളിംഗ് ബൂത്തുകളിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ കള്ളവോട്ട് ചെയ്തു.
മട്ടന്നൂർ കയനിയിൽ ആയുധധാരികളായ സിപിഎം പ്രവർത്തകർ കൊടുവാളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വീടുകൾക്ക് നേരെ സ്ഫോടകവസ്തുക്കൾ എറിയുകയും ചെയ്തു. അക്രമികൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്പോൾ പോലീസുകാർ കാഴ്ചക്കാരായും കള്ളവോട്ട് സിപിഎം പ്രവർത്തകർ ചെയ്യുന്പോൾ പോളിംഗ് ഉദ്യോഗസ്ഥർ നോക്കുകുത്തികളായും നിൽക്കുകയാണ്.
കുറ്റ്യാട്ടൂർ, മുഴക്കുന്ന്, നരിക്കോട്, പയ്യന്നൂർ, വടക്കാഞ്ചേരി, ചെറുകുന്ന്, മട്ടന്നൂർ കയനി, ധർമടം എന്നിവിടങ്ങളിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ വ്യാപകമായ അക്രമങ്ങളാണ് നടന്നതെന്നും കെ. സുധാകരൻ പറഞ്ഞു. മട്ടന്നൂർ, തളിപ്പറന്പ്, ധർമടം, ഇരിക്കൂർ, പേരാവൂർ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളിലാണ് കള്ളവോട്ട് നടന്നത്. ബൂത്തുകൾ തിരിച്ചുള്ള കണക്കും സുധാകരൻ പത്രസമ്മേളനത്തിൽ പുറത്തുവിട്ടു.