മട്ടന്നൂർ: മണക്കായിയിൽ കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾക്കു നേരെ അക്രമം. ഇന്നലെ രാത്രി 11.30 ഓടെയാണ് അഞ്ചു വീടുകൾക്ക് സ്ഫോടക വസ്തുക്കളും കല്ലുകളും എറിഞ്ഞത്. കെ.റഷീദ്, ഇസ്മയിൽ, റഷീദ, റൗഫ്, ഐസൂട്ടി എന്നിവരുടെ വീടുകൾക്ക് നേരെയാണ് അക്രമമുണ്ടായത്.
വാഹനങ്ങളിലും മറ്റും എത്തിയ പത്തോളം പേരാണ് അക്രമം നടത്തിയത്. മണക്കായിയിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ കൊടി തോരണങ്ങൾ നശിപ്പിക്കുകയും റോഡരുകിൽ സ്ഥാപിച്ച കൊടിമരങ്ങൾ തകർക്കുകയും ചെയ്തു. ഒരു മിനി ലോറിയുടെ മുൻവശത്തെ ടയറിന്റെ കാറ്റ് അഴിച്ചുവിടുകയും റോഡരികിലെ ഇരിപ്പിടങ്ങൾ തകർക്കുകയും ചെയ്തു.
വീടിന്റെ ചുമരുകൾക്ക് കേടുപാട് സംഭവിക്കുകുയം ഓടുകൾ തകരുകയും ചെയ്തിട്ടുണ്ട്. സംഭവത്തിനുപിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. വി.ആർ.ഭാസ്കരൻ, ഇ.പി.ഷംസുദീൻ, എം.ദാമോദരൻ, എ.കെ.രാജേഷ്, സുരേഷ് മാവില, സുബൈദ തുടങ്ങിയവർ അക്രമം നടന്ന വീടുകൾ സന്ദർശിച്ചു. പോലീസും സ്ഥലത്തെത്തിയിരുന്നു. പൊട്ടാത്ത രണ്ട് സ്ഫോടക വസ്തുക്കൾ വീട്ടുമുറ്റത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.