തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ പുറപ്പെടുവിച്ചിരുന്ന മത്സ്യതൊഴിലാളി ജാഗ്രത മുന്നറിയിപ്പ് പുതുക്കി. മത്സ്യത്തൊഴിലാളികൾ നാളെ മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുത് എന്ന് അറിയിച്ചിരിക്കുന്നു.
ഈ മേഖലകളിൽ കടൽ പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ നാളെ അതിരാവിലെ 12 മണിയോടെ തന്നെ ഏറ്റവും അടുത്തുള്ള തീരത്തു എത്തണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കർശനമായി നിർദേശിച്ചു.
മത്സ്യതൊഴിലാളി മേഖലകളിലെ പള്ളികൾ, ക്ഷേത്രങ്ങൾ, മുസ്ലിം പള്ളികൾ, മറ്റ് പൊതു സംവിധാനങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് മുന്നറിയിപ്പ് വിളിച്ചു പറയാനും മത്സ്യ തൊഴിലാളികളിലേക്ക് എത്തിക്കുവാനും മത്സ്യബന്ധനത്തിന് പോയ മത്സ്യ തൊഴിലാളികൾക്ക് വിവരം കൈമാറാനും മുന്നറിയിപ്പ് നിലനിൽക്കുന്ന ദിവസങ്ങളിൽ ഇനി മത്സ്യബന്ധനത്തിന് ആരും പോകുന്നില്ല എന്ന് ഉറപ്പ് വരുത്താനും മുഴവൻ സംവിധാനങ്ങളുടെയും വ്യക്തികളുടെയും പ്രസ്ഥാനനങ്ങളുടെയും സഹകരണം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.
ശ്രീലങ്കയുടെ തെക്കുകിഴക്ക് ഇന്ന് രൂപം കൊള്ളുന്ന ന്യൂനമർദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റായി എത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ചുഴലിക്കാറ്റുണ്ടാവുകയാണെങ്കിൽ ഫാനി എന്നാണ് വിളിക്കുക. ബംഗ്ലാദേശാണ് ഈ പേരിട്ടത്. ഓഖി ചുഴലിക്കാറ്റിന് ആ പേരു നൽകിയതും ബംഗ്ലാദേശാണ്. ഇന്നു രാത്രി 11.30 വരെ 2.2 മീറ്റർ ഉയരമുള്ള തിരമാലകൾ ഉണ്ടാകാം. കേരളത്തിൽ 29, 30, മേയ് ഒന്ന് തീയതികളിൽ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.