ഏറ്റൂമാനൂർ: ഏറ്റുമാനൂരിൽ വീട്ടുജോലിക്കരിയെ കൊലപ്പെടുത്തിയ സംഭവം കരുതിക്കൂട്ടിയുള്ള കൊലയെന്ന് സംശയം. കട്ടച്ചിറ കടവിൽ പി.ആർ.രാജന്റെ ഭാര്യ ഉഷാരാജനാ (50) ണ് കൊല്ലപ്പെട്ടത്. കൊല നടത്തിയതെന്നു കരുതുന്ന പാദുവ സ്വദേശി പ്രഭാകരനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളിപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഏറ്റുമാനൂർ വിമല ആശുപത്രിക്ക് സമീപമുള്ള ടോമി ജോസഫിന്റെ വീട് വൃത്തിയാക്കാൻ വന്നതായിരുന്നു കൊല്ലപ്പെട്ട ഉഷ. ചൊവ്വാഴ്ച രാവിലെയാണ് ഉഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ടോമി ജോസഫിന്റെ തറവാട് വീട്ടിലെ കാര്യങ്ങൾ നോക്കി നടത്തുന്നത് പ്രഭാകരനാണ്. ടോമി ജോസഫ് കുടുംബത്തോടൊപ്പം സൗത്ത് ആഫ്രിക്കയിലാണ്.
വീട് വൃത്തിയാക്കുന്ന സമയത്ത് ടോമിയുടെ സഹോദരങ്ങൾ പ്രഭാകരനോട് പറഞ്ഞ് ആളെ ഏർ്പ്പാട് ചെയ്യുകയാണ് പതിവ്. ഉഷയാണ് സ്ഥിരമായി വീട് വൃത്തിയാക്കാനായി എത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാൻ ടോമിയുടെ സഹോദരങ്ങൾ ആവശ്യപ്പെട്ടിരുന്നില്ല എന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്.
അപ്പോൾ പ്രഭാകരൻ കരുതിക്കൂട്ടി ഉഷയെ വീട് വൃത്തിയാക്കാനായി വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രഭാകരനും ഉഷയും തമ്മിൽ സാന്പത്തിക ഇടപാടുണ്ട്. പ്രഭാകരൻ കടമായി നല്കിയ പണം തിരികെ കിട്ടാത്തതിന് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായിട്ടുണ്ട്. ഇതിന്റെ പേരിൽ കരുതിക്കൂട്ടി വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണോ എന്നാണ് പോലീസ് സംശയം. പ്രഭാകരനെ വിശദമായി ചോദ്യം ചെയ്താലേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളു.
പ്രഭാകരന് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇതുവരെയും കണ്ടെത്താത്തതിനാൽ മെഡിക്കൽ കോളജിൽ നിന്ന് ഇന്ന് ഡിസ്ചാർജ് ചെയ്തേക്കും. ഡിസ്ചാർ ചെയ്താൽ അറസ്റ്റു രേഖപ്പെടുത്തി വിശദമായി ചോദ്യം ചെയ്തേക്കും. അതല്ലെങ്കിൽ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് സാധ്യത.
കൊല്ലപ്പെട്ട ഉഷയും പ്രഭാകരനും തമ്മിലുള്ള സാന്പത്തിക ഇടപാട് സംബന്ധിച്ച വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ട്. കൊലപാതകത്തിലേക്ക് നയിച്ചത് സാന്പത്തിക ഇടപാടായിരുന്നുവെന്നും കരുതുന്നു. പ്രതിയെ ചോദ്യം ചെയ്താൽ മാത്രമെ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിക്കു.
കൊല്ലപ്പെട്ട ഉഷയും കുടുംബവും മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് സാന്പത്തിക ഞെരുക്കത്തിലായിരുന്നു. സ്വന്തമായി വീട് ഇല്ലാതിരുന്ന ഇവർ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. മകളുടെ വിവാഹത്തിന് ശേഷം എങ്കിലും ആകെ ഉണ്ടായിരുന്ന സ്ഥലം നികത്തി വീട് വയ്ക്കണമെന്ന ആലോചനയിലായിരുന്നു ഉഷ.