മൂവാറ്റുപുഴ: നാടൻ മുളകിനമായ കാന്താരിക്കു വിപണിയിൽ ആവശ്യക്കാർ ഏറുന്നു. പച്ചക്കറിയ്ക്കൊപ്പം കാന്താരി മുളകിന്റെ വിലയും കുതിച്ചുയരുകയാണ്. കിലോഗ്രാമിനു 630 മുതൽ 680 രൂപ വരെയാണു കാന്താരിയുടെ വില. കഴിഞ്ഞ വർഷം 350-380 വരെയായിരുന്നു മുളകിനു വില. ഗ്രാമ പ്രദേശങ്ങളിലെ കടകളിലും മറ്റും മുൻ വർഷങ്ങളിൽ വൻ തോതിൽ സ്ഥാനം പിടിച്ചിരുന്ന കാന്താരി നിലവിൽ വിരളമായിരിക്കുകയാണ്.
നഗരങ്ങളിലെ മാർക്കറ്റിലും ഡിമാൻഡ് വർധിച്ചതാണ് കാന്താരിയുടെ ലഭ്യത കുറയാൻ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വില വർധിച്ചതോടെ പച്ചക്കറിയോടൊപ്പം കാന്താരി കൃഷിയാരംഭിച്ചെങ്കിലും വേനൽ രൂക്ഷമായതോടെ വിളവ് കുറഞ്ഞു. മുൻ കാലങ്ങളിൽ റബർ തോട്ടങ്ങളിലും മറ്റും തനിയെ മുളച്ചു വളർന്നിരുന്ന കാന്താരി വിളവിന്റെ കാര്യത്തിലും മുന്നിട്ടുനിന്നിരുന്നു.
പറിച്ചെടുക്കുന്നതിനുള്ള പ്രയാസം മാറ്റി നിർത്തിയാൽ ഉത്പാദന ചെലവ് വളരെ കുറവാണ്. കാന്താരിക്കു ഡിമാൻഡ് വർധിച്ചതോടെ പച്ച നിറത്തിലുള്ള സാധാരണ കാന്താരിക്കു പകരം ആധുനിക രീതിയിൽ വികസിപ്പിച്ചെടുത്ത വെള്ള, റോസ്, വൈലറ്റ് നിറങ്ങളിലും വിവിധ ആകൃതിയിലുമുള്ള ഇനങ്ങൾ കൃഷി തോട്ടങ്ങളിൽ സ്ഥാനം പിടിച്ചു. എന്നാൽ, രുചിയിലും എരിവിലും സാധാരണ കാന്താരിയെ വെല്ലാൻ ഇവയ്ക്കായില്ല.
നാട്ടിൻ പുറങ്ങളിലെ ഭക്ഷണശാലകളിലേക്കു മറുനാടൻ യാത്രക്കാരെയടക്കം ആകർഷിക്കുന്ന മുഖ്യഘടകമായി തീർന്നതോടെ കൃഷിയിടങ്ങളിൽ കാന്താരി തലയെടുപ്പോടെ സ്ഥാനം പിടിച്ചിരിക്കുകയാണ്. കുടിൽ വ്യസായത്തിന്റെ ഭാഗമായി കാന്താരിമുളകു ചേർത്തു നിർമിക്കുന്ന വിവിധയിനം അച്ചാറുകൾക്കും മറ്റും ആവശ്യക്കാർ വർധിക്കുകയാണ്.
വിളകൾ കൃഷി ചെയ്യുന്പോൾ ചാഴിയടക്കമുള്ള പ്രാണിശല്യം ഏൽക്കാതിരിക്കുന്നതിനായാണ് പണ്ടു കാലത്ത് കാന്താരികൃഷി ചെയ്തിരുന്നത്. കീടനാശിനികളുടെയും മറ്റും കടന്നുവരവോടെ കൃഷിയിടങ്ങളിൽ കാന്താരിയുടെ സാന്നിധ്യം കുറഞ്ഞിട്ടുണ്ട്.