കോഴിക്കോട്: കോഴിക്കോട്ടെ കല്ലടയ്ക്കും ലൈസന്‍സില്ല. കോഴിക്കോട് പാളയത്ത് പത്ത് ബസ് ഓപ്പറേറ്റേഴ്സ് സ്ഥാപനങ്ങളില്‍ ഇന്നലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഒന്നിനും പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ലൈസന്‍സും അനുബന്ധ രേഖകളും ഇല്ലെന്ന് വ്യക്തമായത്.
കല്ലടയടക്കം ഒരു സ്ഥാപനത്തിനും ലൈസന്‍സ് ഇല്ലെന്നാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറോടെയാണ് മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പി.എം. ഷബീറിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ് എന്ന പേരില്‍ പരിശോധന നടത്തിയത്.
വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് വിവരം. രേഖകള്‍ പരിശോധിച്ച ശേഷം നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കെതിരേ നടപടി സ്വീകരിക്കും. രാത്രി വൈകിയും പരിശോധന തുടര്‍ന്നു. ഇന്നും പരിശോധന നടത്തുമെന്നാണ് അറിയുന്നത്. ഓഫീസ് രേഖകള്‍, ബസ്സുകളുടെ ഫിറ്റ്നസ്, അടിസഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം പരിശോധിച്ചു. ഏഴുദിവസത്തെ സമയമാണ് ലൈസന്‍സ് ഹാജരാക്കാന്‍ നല്‍കിയത്.
അന്തര്‍സംസ്ഥാന, ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്ന ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് ലൈസന്‍സ്ഡ് ഏജന്റ് ഫോര്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് (എല്‍എപിടി) വേണമെന്നാണ് നിയമം. ബസ് ഓപ്പറേറ്റര്‍മാരുടെ ഓഫീസിനും ഇതേ ലൈസന്‍സ് വേണം. എന്നാല്‍ പല ഓഫീസുകള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും ലൈസന്‍സില്ലെന്നാണ് പരിശോധനയില്‍ വ്യക്തമാകുന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി മോട്ടോര്‍വാഹനവകുപ്പ് ട്രാവല്‍ ഏജന്‍സികള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്താന്‍ തീരുമാനിച്ചത്. ലൈസന്‍സ് ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടും. ആര്‍ക്കെങ്കിലും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ പരാതിയുണ്ടെങ്കില്‍ 8281786096 നമ്പറില്‍ പരാതിപ്പെടാവുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.