ചാലക്കുടി: ദേശീയപാതയിലെ അടിപ്പാത നിർമാണത്തിന്റെ ഭാഗമായി നഗരസഭ ജംഗ്ഷനിലെ സിഗ്നൽ ജംഗ്ഷൻ അടച്ചു. ഇതിന്റെ ഭാഗമായി തൃശൂർ, എറണാകുളം, മാള ഭാഗങ്ങളിൽനിന്നും വരുന്ന വാഹനങ്ങളെ വഴിതിരിച്ചുവിട്ടു തുടങ്ങി.
എറണാകുളം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ നഗരസഭ ജംഗ്ഷനിലെത്തി വലതുവശത്തേക്കു തിരിഞ്ഞ് കിഴക്കുവശത്തെ റോഡിലൂടെ തൃശൂർ ഭാഗത്തേക്ക് പോകണം. തൃശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ക്രസന്റ് സ്കൂളിനു സമീപം കിഴക്കുവശത്തെ സർവീസ് റോഡിൽ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് പോകേണ്ടി വരും.
നോർത്ത് ജംഗ്ഷനിൽ നിന്നും മാള ഭാഗത്തേക്ക് തിരിച്ചുവരുന്ന വാഹനങ്ങൾ നഗരസഭ ജംഗ്ഷനിൽ സർവീസ് റോഡിലൂടെ സൗത്ത് ജംഗ്ഷൻ വഴി പോകണം. കോടതി ജംഗ്ഷനിൽ അടിപ്പാത നിർമാണം പൂർത്തിയാകാൻ അഞ്ചു മാസമെങ്കിലും വേണ്ടിവരും. റോഡ് അടച്ചതോടെ സ്ഥലത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി.
കഴിഞ്ഞദിവസം നഗരസഭ ചെയർപേഴ്സണ് ജയന്തി പ്രവീണിന്റെ അധ്യക്ഷതയിൽ ചേർന്ന ഗതാഗത കമ്മിറ്റിയാണ് ക്രമീകരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.