പുല്ലൂർ: ഉൗരകം പൊതുന്പുചിറ പാടശേഖരത്തിനു സമീപത്തുള്ള ബണ്ട് റോഡ് നിർമാണത്തിൽ കർഷകരിലും പരിസ്ഥിതി പ്രവർത്തകരിലും ആശങ്ക. എന്നാൽ ആശങ്ക അസ്ഥാനത്തെന്ന് നാട്ടുക്കാർ. പുല്ലൂർ അണ്ടികന്പനിക്കു താഴെ പൊതുന്പുചിറക്കു സമീപത്തു നിന്നും ആരംഭിച്ച് ഉൗരകത്ത് എത്തി ചേരുന്ന വിധത്തിലാണ് റോഡ് നിർമാണം നടക്കുന്നത്. കൃഷിയെയും കുടിവെള്ള സ്രോതസിനെയും ഇല്ലാതാക്കുമെന്നും ഭൂമാഫിയ സംഘങ്ങളാണു റോഡ് നിർമാണത്തിനു പിന്നിലെന്നാണ് ഇവരുടെ പ്രധാന ആരോപണം.
റോഡുപണി പൂർത്തിയാക്കുന്നതോടെ വെള്ളക്കെട്ടും കൃഷിനാശവും പരിസ്ഥിതിനാശവും സംഭവിക്കുമെന്നാണ് പ്രതിഷേധക്കാർ വാദിക്കുന്നു. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ നെൽപാടശേഖരങ്ങളിൽ ആരും കൃഷിയിറക്കില്ലെന്നും, സെന്റിന് 30,000 രൂപ ഉണ്ടായിരുന്നിടത്ത് റോഡ് നിർമാണം ആരംഭിച്ചതോടെ രണ്ട് ലക്ഷവും, റോഡ് നിർമാണം പാതി പിന്നിട്ടതോടെ മൂന്ന് ലക്ഷം രൂപയായും വർധിച്ചു. ഈ സ്ഥലത്ത് കൃഷിക്കു പകരം വീടുകൾ ഉയരുമെന്നും ഇവർ ചൂണ്ടികാട്ടുന്നു.
അവിട്ടത്തൂർ, ഉൗരകം, പുല്ലൂർ എന്നിവടങ്ങളിലെ കൃഷിക്കും മറ്റുആവശ്യങ്ങൾക്കുമായി പൊതുന്പുചിറയിൽ വെള്ളം സംഭരിക്കുക പതിവാണ്. കടുത്ത വേനലിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കാർഷികാവശ്യങ്ങൾക്കും വെള്ളം ലഭിക്കുന്നതിനും ഇത് ഏറെ സഹായകരമായിരുന്നു. ഇവിടെ വീടുകൾ നിർമിച്ചു തുടങ്ങിയാൽ ചിറ കെട്ടുന്നതിനു എതിർപ്പുകൾ ഉണ്ടാകുകയും, ചിറ കെട്ടൽ ഇല്ലാതാകുന്നതോടെ പൊതുന്പുചിറ വറ്റി വരളുകയും ചെയ്യും.
എംഎൽഎ യുടെ പ്രദേശിക ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡുപണി പൂർത്തിയാക്കുന്നത്. റോഡ് നിർമാണത്തിൽ നിന്നും അധികാരികൾ പിന്മാറാത്തപക്ഷം അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുവാനാണ് സിപിഐ(എംഎൽ) ന്റെ തീരുമാനം. പ്രതിഷേധ യോഗത്തിൽ എം.എം. കാർത്തികേയൻ അധ്യക്ഷത വഹിച്ചു. രാജേഷ് അപ്പാട്ട്, വി.കെ. ബാബുരാജ്, ടി.വി. മഹേഷ്, വിൻസെന്റ് കോട്ടയ്ക്കൽ, ജയൻ കോനിക്കര, പി.കെ. സുബ്രഹ്മണ്യം, പി.എൻ. സുരൻ, പി.എ. ഷിബു എന്നിവർ പങ്കെടുത്തു.
എന്നാൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നു ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് തത്തംപിള്ളി പറഞ്ഞു. പൊതുന്പുചിറ ഒരു ജലസംഭരണിയായാണു കണക്കാക്കുന്നത്. ഇതിനു ചുറ്റുമുള്ള പാടശേഖരങ്ങൾ നികത്താൻ അനുമതി നൽകില്ലെന്നു നേരത്തേ കൃഷി വകുപ്പും വില്ലേജ് അധികൃതരും തീരുമാനമെടുത്തിട്ടുള്ളതാണ്. അതിനാൽ കഴിഞ്ഞ വർഷം വരെ കൃഷി ചെയ്തീട്ടുള്ള ഈ പാടശേഖരത്തിൽ തുടർന്നു കൃഷി ചെയ്യുമെന്നും തത്തംപ്പിള്ളി പറഞ്ഞു.