തിരുവനന്തപുരം: അന്തർസംസ്ഥാന ബസ് സർവീസുകളുടെ നിയമലംഘനങ്ങൾക്കെതിരേ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. ഇത്തരം ബസുകളുടെ ലൈസൻസ് വ്യവസ്ഥകൾ കർശനമാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കല്ലട ബസ് വിഷയത്തിലേതടക്കം തുടർ നടപടികൾ ആലോചിക്കാൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
അന്തർസംസ്ഥാന ബസുകളിൽ ജൂണ്‍ ഒന്നു മുതൽ ജിപിഎസ് സംവിധാനം നിർബന്ധമാക്കും. സ്പീഡ് ഗവർണർ സ്ഥാപിക്കാത്ത ബസുകൾക്കെതിരേ നടപടിയെടുക്കുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി. അന്തർസംസ്ഥാന ബസുകളിൽ ന്യായമായ ടിക്കറ്റ് നിരക്ക് വരുത്തണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. നിരക്ക് നിയന്ത്രണം പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ സമിതിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന അനിഷ്ട സംഭവങ്ങൾ ഇനി ഉണ്ടാകാൻ പാടില്ല. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്താത്ത സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയുണ്ടാകും. ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമാകുന്ന രീതിയിലായിരിക്കണം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന അതിർത്തികളിൽ പോലീസും നികുതി വകുപ്പും ബസുകൾ പരിശോധിക്കുമെന്നും മന്ത്രി വിശദമാക്കി.
യോഗത്തിൽ ഗതാഗത കമ്മീഷണർ, ഡിജിപി, കെഎസ്ആർടിസി എംഡി എന്നിവർ പങ്കെടുത്തു. സുരേഷ് കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിന് പിന്നാലെ മോട്ടോർ വാഹനവകുപ്പ് അന്തർസംസ്ഥാന ദീർഘദൂര ബസുകള്‍ക്കെതിരായ നടപടി ശക്തമാക്കിയിരുന്നു.