നിയാസ് മുസ്തഫ
അസംതൃപ്തി നിറഞ്ഞ ദാന്പത്യ ജീവിതമായിരുന്നു ഞങ്ങളുടേത്. സന്തോഷമില്ലാത്ത ജീവിതം. ഒരേ വീട്ടിൽ അപരിചതരെപ്പോലെ ഞങ്ങൾ കഴിഞ്ഞു. ഞങ്ങൾക്കിടയിൽ വഴക്കുണ്ടാവുക പതിവായിരുന്നു. രോഹിത് നന്നായി മദ്യപിക്കുമായിരുന്നു. കൊല നടന്നപ്പോൾ രോഹിത് മദ്യലഹരിയിലായിരുന്നു.
തലയണവച്ച് മുഖത്ത് അമർത്തിയപ്പോൾ രോഹിത്തിന് ചെറുത്തുനിൽക്കാൻ പോലും കഴിയുമായിരുന്നില്ല- ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി എൻ ഡി തിവാരിയുടെ മകൻ രോഹിത് ശേഖറിനെ കൊലപ്പെടുത്തിയ വിവരം ഭാര്യ അപൂർവ ശുക്ല പോലീസിനോട് വെളിപ്പെടുത്തിയത് ഇങ്ങനെ.
മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് രോഹിത് ശേഖറിനെ കൊലപ്പെടുത്തിയത് അപൂർവ ശുക്ലയാണെന്ന് പോലീസ് സ്ഥിരീകരിച്ചതും അറസ്റ്റ് രേഖപ്പെടുത്തിയതും. ഏപ്രിൽ 16നാണ് രോഹിത് ശേഖർ കൊല്ലപ്പെടുന്നത്. ഹൃദയാഘാതം മൂലം മരിച്ചെന്നായിരുന്നു ആദ്യം പുറംലോകം അറിഞ്ഞത്.
ഏപ്രിൽ 12ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനായി രോഹിത് ഉത്തരാഖണ്ഡിലേക്കുപോയി. മടക്കയാത്രയിൽ ബന്ധുവിന്റെ ഭാര്യയുമായി മദ്യം കഴിച്ചു. ഈ സമയം അപൂർവ ഭർത്താവിനെ വീഡിയോ കോൾ ചെയ്തു. ബന്ധുവായ സ്ത്രീക്കൊപ്പം മദ്യം കഴിക്കുന്നത് അപൂർവ ശ്രദ്ധിച്ചു. ഏപ്രിൽ 15ന് രാത്രി രോഹിത് തിരികെ വീട്ടിലെത്തി. ഈ സമയം രോഹിത് നന്നായി മദ്യപിച്ചിരുന്നു.
മദ്യപിച്ച് ലക്കുകെട്ട് ചുവരിൽ പിടിച്ച് വീട്ടിലേക്ക് വരുന്ന രോഹിത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീട്ടിലെത്തിയ രോഹിത്തുമായി അപൂർവ വഴക്കിട്ടു. വഴക്കിനുശേഷം രോഹിത് കിടപ്പുമുറിയിലേക്ക് പോയി. കിടക്കയിൽ ഉറങ്ങാൻ കിടന്ന രോഹിത്തുമായി വീണ്ടും അപൂർവ വഴക്കിട്ടു. പിന്നീട് തലയണയെടുത്ത് മുഖത്ത് അമർത്തി. മദ്യലഹരിയിലായിരുന്നതിനാൽ പ്രതിരോധിക്കാൻ രോഹിത്തിനായില്ല. ഏപ്രിൽ 16ന് പുലർച്ചെ ഒരുമണിയോടെയാണ് കൊലപാതകം നടന്നത്.
ഏപ്രിൽ 16ന് വൈകിട്ടോടെ രോഹിത് അവശനിലയിലാണെന്നും മൂക്കിൽനിന്ന് രക്തം വരുന്നുണ്ടെന്നും അമ്മ ഉജ്വലയ്ക്ക് വിവരം ലഭിച്ചു. ഉജ്വലയാണ് ആംബുലൻസ് വിളിച്ച് രോഹിത്തിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രോഹിത് മരിച്ചിരുന്നു.
ഭാര്യ അപൂർവ ശുക്ല, രോഹിത്തിന്റെ ബന്ധു, സഹായി എന്നിവരായിരുന്നു കൊല നടന്ന ദിവസം വീട്ടിലുണ്ടായിരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായി. ഇതോടെ പോലീസ് അന്വേഷണം തുടങ്ങി. കൊല നടന്ന ദിവസം പുറത്തുനിന്നൊരാളെത്തി മൽപ്പിടുത്തം നടത്തിയ ലക്ഷണം പോലീസിന് കണ്ടെത്താനായില്ല. ഇതോടെയാണ് വീട്ടിലുള്ളവരെ പോലീസ് സംശയിച്ചത്.
രോഹിത്തിന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ മരുമകളും അവരുടെ കുടുംബവും ശ്രമിച്ചിരുന്നതായി ഉജ്വല ആരോപിച്ചിരുന്നു. ഉജ്വലയുടെ ആരോപണം കൂടി വന്നതോടെ ഭാര്യ അപൂർവയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതക്കത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
മുതിർന്ന കോണ്ഗ്രസ് നേതാവ് എൻ ഡി തിവാരി രോഹിത് ശേഖറിനെ മകനായി അംഗീകരിച്ചിരുന്നില്ല. നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തിയാണ് രോഹിത് എൻഡി തിവാരിയുടെ മകനാണെന്ന് തെളിയിച്ചത്. പിന്നീട് രോഹത്തിനെയും അമ്മ ഉജ്വലയേയും എൻ ഡി തിവാരി അംഗീകരിച്ചു. തുടർന്ന് 2014 മേയിൽ ഉജ്വലയെ വിവാഹം കഴിച്ച എൻ ഡി തിവാരി 2018 ഒക്ടോബറിൽ 93-ാം വയസിലാണ് അന്തരിച്ചത്.
രോഹിതും അപൂർവയും 2018 ഏപ്രിലിലാണു വിവാഹിതരായത്.