കൊല്ലം :കേരളത്തിലെ കശുവണ്ടി വ്യവസായത്തെ പൂർണമായും തകർക്കാൻ നീക്കം നടക്കുന്നതായി കേരളകശുവണ്ടി വ്യവസായ സംയുക്തസമിതി ആരോപിച്ചു. കേരളത്തിലെ ലക്ഷക്കണക്കിന് സ്ത്രീ തൊഴിലാളികളുടെ തൊഴിൽ നഷ്ടമായിരിക്കുന്ന കശുവണ്ടി മേഖലയിൽ അന്യ രാജ്യങ്ങളിൽ നിന്നും സംസ്കരിച്ച മുന്തിയ ഇനം കശുവണ്ടിപ്പരിപ്പ് കാലിത്തീറ്റ എന്ന പേരിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കേണ്ട നികുതി വെട്ടിപ്പ് നടത്തി അന്യ സംസ്ഥാനങ്ങളിലെ തുറമുഖങ്ങളിൽ ഇറക്കുമതി ചെയ്ത് റോഡ് മാർഗമാണ് കേരളത്തിലേക്ക് എത്തിക്കുന്നത്.
പരമ്പരാഗതമായി സംസ്കരിക്കുന്ന കശുവണ്ടിപ്പരിപ്പ് ബ്ലീച്ച് ചെയ്തു പരമ്പരാഗത രീതിയിൽ സംസ്കരിക്കുന്ന പരിപ്പിന്റെ നിലവാരത്തിൽ എത്തിക്കുന്നു. സൾഫർ കത്തുമ്പോൾ ഉണ്ടാകുന്ന സൾഫർ ഡൈ ഓക്സൈഡിൽ ഉണ്ടാകുന്ന പൊടി കുടലിനും ശരീരത്തിനും ഹാനികരമാണ്. ബ്ലീച്ചിംഗിലൂടെ പരമ്പരാഗതരീതിയിൽ പരിപ്പിന് ലഭിക്കുന്ന നിറത്തേക്കാൾ വെള്ളനിറം ലഭിക്കുന്നതിനാൽ സംശയത്തിന് ഇട നൽകാതെ അന്താരാഷ്ട്ര ആഭ്യന്തര വിപണിയിൽ വിറ്റഴിക്കാൻ കഴിയുന്നു.
ഈ അനധികൃത ഇറക്കുമതി മൂലം പരമ്പരാഗത മേഖലയിലെ കശുവണ്ടി വ്യവസായവുംസമ്പദ് വ്യവസ്ഥയേയും തൊഴിലിനെയും തകർത്തെറിയുന്ന അവസ്ഥയാണ്. അന്താരാഷ്ട്ര കുത്തക കമ്പനികളും കേരളത്തിലെ ചില വൻകിട വ്യവസായികളും ഒത്തുചേർന്നാണ് ഈ ഗൂഢ നീക്കത്തിനു പിന്നിൽ. നിരവധി പ്രാവശ്യം ഈ കാര്യങ്ങൾ സർക്കാരുകൾക്ക് മുന്നിൽ ബോധ്യപ്പെടുത്തിയിട്ടുണ്ട് .
കശുവണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യുന്ന രീതി “നെഗറ്റീവ് “പട്ടികയിൽ ഉൾപ്പെടുത്തി പൂർണമായി കശുവണ്ടി ഇറക്കുമതി ചെയ്യുന്ന കശുവണ്ടിപ്പരിപ്പിന് നൂറുശതമാനം നികുതി ഏർപ്പെടുത്തുക, അനധികൃതമായി തെറ്റിദ്ധരിപ്പിച്ച് ഇറക്കുമതിചെയ്യുന്ന കശുവണ്ടിപരിപ്പിന് പിഴ ഈടാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകേരള കശുവണ്ടി വ്യവസായ സംയുക്ത സമരസമിതി കേന്ദ്ര കേരള സർക്കാരുകളെ ബോധ്യപ്പെടുത്താൻ തീരുമാനിച്ചു.
തുടർന്ന് നടപടി ഉണ്ടായില്ലെങ്കിൽ തൊഴിലാളികളും വ്യവസായികളും കൂടി പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് കേരള കശുവണ്ടി വ്യവസായ സംയുക്ത സമര സമിതി സംസ്ഥാന കൺവീനർ കെ. രാജേഷ്, സംസ്ഥാന പ്രസിഡണ്ട് ബി. നൗഷാദ്, മാത്തുക്കുട്ടി , നാരായണപിള്ള, മാനുവൽ മോഹൻദാസ്, വിശ്വമോഹൻദാസ് എന്നിവർ അറിയിച്ചു.