കോഴിക്കോട്: കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ഇത്തവണ കഴിയുമെന്ന ഉറച്ച പ്രതീക്ഷയില്‍ ബിജെപി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ പൂര്‍ണ ആത്മിശ്വാസത്തിലാണ് പി.എസ്. ശ്രീധരന് പിള്ള. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്ന പ്രത്യാശയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ഇന്നലെ കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ആത്മവിശ്വാസം പ്രകടമായിരുന്നു.
ശബരിമല വിഷയം പ്രചാ രണരംഗത്ത് സജീവമായതാണ് കേരളത്തില്‍ ഇത്രയും ശക്തമായ പോളിംഗിന് വഴിവച്ചതെന്നാണ് ബിജെപിയുടെ അവകാശവാദം. പക്ഷെ ശബരിമല വോട്ടായി ബിജെപിയുടെ പെട്ടിയില്‍ വീണോ എന്ന ചോദ്യമാണ് ഉയരുന്നത്. അഞ്ചു സീറ്റ് ലഭിക്കുമെന്ന് നേതാക്കള്‍ അവകാശപ്പെടുമ്പോഴും പത്തനംതിട്ടയിലും തിരുവനന്തപുരത്തും മാത്രമാണ് ബിജെപി വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്.
ബിജെപിയുടെ കേരളത്തിലെ ഭാവി നിര്‍ണയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ അജണ്ട നിശ്ചയിക്കുമെന്ന് പറഞ്ഞത് ശരിയായില്ലേ എന്ന് ഇന്നലെ ശ്രീധരന് പിള്ള മാധ്യമപ്രവര്‍ത്തകരോട് ചോദിക്കുകയും ചെയ്തു.
ശബരിമല വിവാദ പ്രസംഗം താന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചു. അസുലഭമായ സന്ദര്‍ഭമായി തെരഞ്ഞെടുപ്പ് മാറി എന്നാണ് പറഞ്ഞത്. അത് പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞതാണ് . മറ്റൊന്ന് ബിജെപി അജണ്ട നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്തവണ എന്ന് താന്‍ പറഞ്ഞു അതിനായി യുവാക്കളായ പ്രവര്‍ത്തകരോട് തയാറാകാനും പറഞ്ഞു. രണ്ടും ശരിയായില്ലേ എന്നും അദ്ദേഹം ചോദിച്ചു.
ശബരിമലവിഷയം തന്നെ സജീവചര്ച്ചയായതാണ് ശ്രീധരന് പിള്ള സൂചിപ്പിച്ചത്. ബിജെപിയുടെ ശബരിമല യുവതീപ്രവേശന വിഷയത്തിലെ ഇടപെടല്‍തന്നെ തെരഞ്ഞെടുപ്പു ലക്ഷ്യം വച്ചായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി. ദേശീയാധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കുപുറമേ കേന്ദ്രമന്ത്രിമാരും മറ്റു നേതാക്കളും പ്രചാരണരംഗത്ത് സജീവമായിരുന്നു. അതിന്റെ ഗുണം ഫലപ്രഖ്യാപനദിനം കണ്ടില്ലെങ്കില്‍ പ്രതിക്കൂട്ടിലാകുക സംസ്ഥാനനേതാക്കളാകും.