ഇന്ത്യൻ വംശജനായ പതിനഞ്ചുകാരൻ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അക്കൗണ്ടന്റ്. സ്കൂൾ പഠനകാലത്തുതന്നെ അക്കൗണ്ടൻസി സ്ഥാപനം തുടങ്ങിയാണ് രണ്‍വീർ സിംഗ് സന്ധു റിക്കാർഡിന് അർഹനായത്. ഇരുപത്തഞ്ച് വയസ് ആകുന്പോഴേക്കും മില്യണയർ ആകുകയാണ് രണ്‍വീറിന്റെ ലക്ഷ്യം. 12-ാം വയസിലാണ് ബിസിനസ് രംഗത്തേക്കുള്ള രണ്‍വീറിന്റെ ചുവടുവയ്പ്പ്.
അക്കൗണ്ടന്റ് ആകുക എന്ന ലക്ഷ്യത്തിനൊപ്പം യുവാക്കളായ സംരംഭകർക്ക് സാന്പത്തികോപദേശം നല്‍കാനും തനിക്ക് പദ്ധതിയുണ്ടെന്ന് ഈ കൊച്ചു മിടുക്കൻ പറയുന്നു. ഇപ്പോൾ പത്ത് ക്ലയന്റുകളാണ് രണ്വീറിനുള്ളത്. ഓരോരുത്തരിൽനിന്നും മണിക്കൂറിന് 12 മുതൽ 15 വരെ പൗണ്ട് ചാർജ് ആയി ലഭിക്കുന്നുമുണ്ട്.
ഓണ്‍ലൈൻ ആയി അക്കൗണ്ടിംഗ് കോഴ്സ് പഠിച്ച രണ്‍വീർ 12 വയസുള്ളപ്പോൾ പ്രാഥമിക അക്കൗണ്ടിംഗ് സർട്ടിഫിക്കറ്റ് നേടി. പ്രധാനമായും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെങ്കിലും സമീപത്തുള്ള കുടുംബ വസ്തുവിൽ ഒരു ഓഫീസ്മുറിയും രണ്‍വീറിനുണ്ട്. പിതാവ് അമൻസിംഗ് സന്ധു ബിൽഡറും മാതാവ് ദൽവീന്ദർ കൗർ സന്ധു എസ്റ്റേറ്റ് ഏജന്റുമാണ്.
സ്വന്തമായി വികസിപ്പിച്ച സോഫ്റ്റ്വേർ ഉപയോഗിച്ചാണ് തന്റെ ക്ലയന്റുകളുടെ അക്കൗണ്ടുകൾ രണ്‍വീർ കൈകാര്യം ചെയ്യുന്നത്. ഏതാനും വർഷങ്ങൾക്കു മുന്‍പ് അൾട്രാ എഡ്യുക്കേഷൻ കിഡ്സ് ബിസിനസ് അവാർഡ്സിൽ ടെക് ബിസിനസ് അവാർഡും ലഭിച്ചിട്ടുണ്ട്.