രണ്ടു കൈകളിലും വിരലുകളില്ലെങ്കിലും സാറയുടെ കൈയക്ഷരത്തിന് ഏഴഴക്. മികച്ച കൈയക്ഷരമുള്ള സ്കൂൾ കുട്ടികളെ കണ്ടെത്താൻ അമേരിക്കയിൽ വർഷാവർഷം നടത്തുന്ന “നിക്കോളാസ് മാക്സിം’ അവാർഡിന് ഈ വർഷം അർഹയായത് സാറാ ഹിനസ്ലേ എന്ന കൊച്ചുമിടുക്കിയാണ്.
2005-ൽ ചൈനയിൽനിന്നും അമേരിക്കയിലേക്ക് കുടിയേറിയതാണ് സാറയും മാതാപിതാക്കളും. ദേശീയതലത്തിൽ നടത്തപ്പെട്ട മത്സരത്തിൽ കൂടെ പങ്കെടുത്തവരെ ബഹുദൂരം പിന്നിലാക്കി കുഞ്ഞുസാറ കുറിച്ചിട്ടത് വിസ്മയകരമായ ഒരേട്.
ഇരുകൈകളിലും ജന്മനാ വിരലുകൾ ഇല്ലെങ്കിലും വിധിയെ പഴിക്കാതെ തന്റെ കഴിവുകളെ വളർത്തിയെടുക്കാനാണ് സാറയുടെ മുഴുവൻ ശ്രദ്ധയും. അസാധ്യം എന്ന വാക്ക് സാറയുടെ ജീവിതത്തിലില്ല. എന്തു കാര്യവും ചെയ്തു തീർക്കാം എന്ന ആത്മവിശ്വാസമാണ് സാറയുടെ ഉൾക്കരുത്ത്. അധ്യാപികയായ ചെറി പുറില്ല പറഞ്ഞുനിർത്തിയപ്പോൾ സമീപത്തുനിന്ന സഹപാഠികൾക്കും സമ്മതം.
വിരലുകളില്ലാത്ത ഇരുകൈകളും പേനയിൽ ചേർത്തുപിടിച്ച് സാറ വരയ്ക്കാനും എഴുതാനും ആരംഭിച്ചാൽ നിമിഷങ്ങൾക്കകം പേപ്പറിൽ നിറയുന്നത് അച്ചടിയെ വെല്ലുന്ന വടിവൊത്ത അക്ഷരങ്ങൾ.
ശാരീരിക ന്യൂനതയുള്ള കുട്ടികൾക്കു സാധാരണ അനുവദനീയമായ ആനുകൂല്യങ്ങളെ ചെറുപുഞ്ചിരിയോടെ നിരസിച്ച് സാധാരണ കുട്ടികളോടൊപ്പമായിരുന്നു സാറയുടെ മത്സരം. അമേരിക്കയിലെത്തി കേവലം നാലു വർഷങ്ങൾകൊണ്ട് ഇംഗ്ലീഷ് എഴുതാനും വായിക്കാനും പഠിച്ച സാറാ കൈയക്ഷരം കൊണ്ട് വിസ്മയം തീർത്ത് ചുറ്റുമുള്ളവർക്ക് അദ്ഭുതമാവുകയാണ്.
കൈയക്ഷര മത്സരം കേവലമൊരു ഉദാഹരണം മാത്രം. സാറ കൈവയ്ക്കാത്ത മേഖലകളില്ല. നീന്തലിലും ചെസിലും മിഴിവാർന്ന നേട്ടങ്ങളുമായി സാറയെന്ന താരം തിളങ്ങിനിൽക്കുകയാണ്. അതിജീവനത്തിന്റെ ആൾരൂപമായി മാറുകയാണ് സാറയെന്ന കുരുന്ന്.
ശാരീരിക ന്യൂനതകളെ സമാനതകളില്ലാത്ത ആത്മവിശ്വാസംകൊണ്ട് മറികടക്കാനാവുമെന്നതിന്റെ പ്രകടമായ ഉദാഹരണമാണ് അമേരിക്കയിലെ സെന്റ് ജോൺസ് കാത്തലിക് സ്കൂളിലെ പ്രൈമറി വിഭാഗം വിദ്യാർഥിനിയായ സാറ.
അഞ്ഞൂറ് ഡോളറിന്റെ സമ്മാനത്തുകയും ഏറ്റുവാങ്ങി സ്കൂളിലെത്തിയ സാറയ്ക്ക് സഹപാഠികളും അധ്യാപകരും ചേർന്നൊരുക്കിയത് ഉജ്വലസ്വീകരണം. പ്രസിദ്ധമായ നിക്കോളാസ് മാക്സിം അവാർഡ് ആദ്യമായി സ്കൂളിലെത്തിച്ച സാറയെ അഭിനന്ദനങ്ങൾകൊണ്ടു മൂടി.
പ്രധാനാധ്യാപികയായ കാത്തി സ്മിത്ത് അനുമോദന സമ്മേളനത്തിൽ പറഞ്ഞു. “”ഇന്നെന്റെ മനസ് അഭിമാനത്താൽ നിറഞ്ഞു.” ഇതുകേട്ട് സെന്റ് ജോൺസ് സ്കൂളിലെ ആയിരക്കണക്കിനു കുട്ടികൾ കൈയടിച്ചു… സാറ തന്റെ വിരലുകളില്ലാത്ത എന്നാൽ സുന്ദരമായ കൈകളുയർത്തി വീശി അവർക്കു നന്ദി പറഞ്ഞു.
ആത്മവിശ്വാസംകൊണ്ട് അവശതകളെ അതിജീവിക്കാനാകും എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറുന്നു സാറാ.