ഇരിട്ടി: കരിയിലയ്ക്കിടയിൽനിന്നു കശുവണ്ടി ശേഖരിക്കവേ കാലുകൊണ്ടു തട്ടിനീക്കിയ ഐസ്ക്രീം ബോൾ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. വെളിയമ്പ്രപറമ്പിലെ ഷാഹിത മന്‍സിലില്‍ ടി.വി അബ്ദുൾ നാസറി (45) നാണു പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ഭാര്യ സ്ഫോടനത്തിന്റെ ആഘാതത്തിൽ ബോധംകെട്ടുവീണു.
നാസറിന്റെ വലതുകാലിനാണ് പരിക്കേറ്റത്. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാസറിന്റെ എക്സ്റേ പരിശോധനയിൽ കാലിൽ ബോംബിന്റെ ചീളുകൾ തുളഞ്ഞുകയറിയതായി കണ്ടെത്തി. മാസങ്ങൾക്കുമുമ്പ് ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ സമീപപ്രദേശത്തുനിന്ന് ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തിയിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ തില്ലങ്കേരി പൂമരത്തായിരുന്നു സംഭവം. പാട്ടത്തിനെടുത്ത തോട്ടത്തിൽ ഭാര്യക്കൊപ്പം കശുവണ്ടി ശേഖരിക്കുന്നതിനിടെ കരിയിലയ്ക്കിടെ കിടന്ന ഐസ്ക്രീം ബോൾ കാലുകൊണ്ട് തട്ടിനീക്കിയപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഉഗ്രസ്ഫോടനത്തിന്റെ ആഘാതത്തിൽ ഭാര്യ ഷാഹിന ബോധം കെട്ടുവീണു. സ്ഫോടനശബ്ദവും നിലവിളിയും കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
അബ്ദുൾനാസറിനെ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സ്ഥലം ഉടമയായ ഹംസ ഹാജിയുടെ പറമ്പിലെ കശുവണ്ടിയും തേങ്ങയും നാസർ പാട്ടത്തിനെടുത്തതായിരുന്നു. സ്ഫോടനത്തിൽ നിലത്ത് വലിയ കുഴിയുണ്ടായി. ആളൊഴിഞ്ഞ പ്രദേശമായതിനാൽ ഒളിച്ചുവച്ച ബോംബ് പൊട്ടിയതാണെന്നാണു സംശയിക്കുന്നത്. മട്ടന്നൂർ എസ്ഐ ധനഞ്ജയകുമാര്‍, ഇരിട്ടി എസ്ഐ അനീഷ് കുമാര്‍, മുഴക്കുന്ന് എസ്ഐ പി.അജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.