മണ്ണാർക്കാട്: കുടുംബശ്രീ പദ്ധതിയിലെ സാമ്പത്തിക ക്രമക്കേടിൽ മെമ്പർ സെക്രട്ടറിയായ യുവതിയെ പോലീസ് അറസ്റ്റുചെയ്തു. ഇന്നലെ രാവിലെ പത്തിനാണ് എൽഡി ക്ലർക്കും, കുടുംബശ്രീ മെമ്പർ സെക്രട്ടറിയുമായ തിരുവനന്തപുരം ബാലരാമപുരം സ്വദേശി വി.പി. ദിവ്യ (36) സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
നഗരസഭയിലെ 2017- 18 വർഷത്തെ കുടുംബശ്രീയുടെ പദ്ധതി നടത്തിപ്പിലെ ക്രമക്കേട് ഓഡിറ്റ് വിഭാഗമാണ് കണ്ടെത്തിയത്. 2,61,866 രൂപയുടെ കണക്ക് സംബന്ധിച്ച വിവരങ്ങൾ നൽകിയില്ലെന്ന കണ്ടെത്തലിനെതുടർന്ന് ഇവരെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് നഗരസഭാ സെക്രട്ടറിയുടെ പരാതിയിൽ ഇവർക്കെതിരേ കേസെടുത്തു.
തിരുവനന്തപുരം ജില്ലാ കോടതിയിലും ഹൈക്കോടതിയിലും നൽകിയ ജാമ്യാപേക്ഷകൾ നിരസിച്ചതിനെതുടർന്നാണ് മണ്ണാർക്കാട് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഐപി സി 406, 409, 468, 471, 420 തുടങ്ങി ജാമ്യമില്ലാവകുപ്പുകളിലാണ് കേസെടുത്തിട്ടുള്ളത്.
നെയ്യാറ്റിൻകരയുൾപ്പെടെ ഇവർ ജോലിചെയ്ത സ്ഥലങ്ങളിൽ ഇത്തരം ക്രമക്കേടുകൾ നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. മണ്ണാർക്കാട് മുൻസിഫിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ കോടതി പതിന്നാലു ദിവസത്തേക്കു റിമാൻഡ് ചെയ്തു.