ആലപ്പുഴ: കണിച്ചുകുളങ്ങരയ്ക്കു സമീപം ദേശീയപാതയിൽ കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുതവരൻ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ വനീഷ് (25) വിജയകുമാർ (38) പ്രസന്ന (55) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം.
വാനിലെ മറ്റു യാത്രക്കാരായ എട്ട് പേർക്കും ബസിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. പരുക്കേറ്റ 3 പേർ കുട്ടികളാണ്. പരിക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞ് തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്കു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ വാൻ രണ്ടായി പിളർന്നു. പോലീസും നാട്ടുകാരും ചേർന്ന് ഏറനേരം ശ്രമിച്ചാണ് പരിക്കേറ്റവരെയും മരിച്ചവരെയും വാനിൽനിന്നും പുറത്തെടുത്തത്.
തിരുവനന്തപുരം ഭാഗത്തേയ്ക്കുവരികയായിരുന്ന കെഎസ്ആർടിസി ബസിലാണ് ട്രാവലർ ഇടിച്ചത്. അമിതവേഗമാണ് അപകടത്തിനു കാരണമായതെന്ന് പോലീസ് പറയുന്നു.