തിരുവനന്തപുരം: മതസ്പർധ വളർത്തുന്ന ആറ്റിങ്ങൽ പ്രസംഗവുമായി ബന്ധപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയ്ക്കു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടു വിശദീകരണം തേടിയാണ് നോട്ടീസ്. 24 മണിക്കൂറിനകം മറുപടി നൽകണമെന്നു നോട്ടീസിൽ പറയുന്നു.
മതസ്പർധ വളർത്തുന്ന പ്രസംഗവുമായി ബന്ധപ്പെട്ടു ശ്രീധരൻപിള്ളയ്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിച്ചു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണു ശ്രീധരൻപിള്ളയുടെ ഭാഗം കേൾക്കുന്നതിനായി തെരഞ്ഞെടുപ്പു കമ്മീഷൻ നോട്ടീസ് നൽകിയത്.
ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം നിർവഹിക്കവേയാണു ശ്രീധരൻപിള്ള മുസ്ലീം വിരുദ്ധ പരാമർശം നടത്തിയത്. ഇതു സംബന്ധിച്ചു എൽഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കണ്‍വീനർ വി. ശിവൻകുട്ടി തെരഞ്ഞെടുപ്പു കമ്മീഷനിലും പോലീസിലും പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ പോലീസും ശ്രീധരൻപിള്ളയ്ക്കെതിരേ കേസെടുത്തിരുന്നു.