ദോഹ: 23-ാമത് ഏഷ്യൻ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ മലയാളത്തിളക്കം. ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും മലയാളി താരങ്ങൾ സ്വന്തമാക്കി. 17 മെഡലോടെ ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.1500 മീറ്ററിൽ പി.യു. ചിത്ര സ്വർണം നേടിയപ്പോൾ വി.കെ. വിസ്മയ രണ്ട് വെള്ളിക്ക് അർഹയായി.
4×400 മീറ്റർ വനിതാ, മിക്സഡ് വിഭാഗം റിലേകളിലായിരുന്നു വിസ്മയയുടെ നേട്ടം. 4×400 മീറ്റർ മിക്സഡ് റിലേയിൽ അംഗമായ മുഹമ്മദ് അനസും വെള്ളിയണിഞ്ഞു. 400 മീറ്റർ ഹർഡിൽസിൽ എം.പി. ജാബിർ വെങ്കലം സ്വന്തമാക്കി. മൂന്ന് വെള്ളിയും ഏഴ് വീതം വെള്ളിയും വെങ്കലവുമാണ് ചാന്പ്യൻഷിപ്പിൽ ഇന്ത്യ സ്വന്തമാക്കിയത്.
റിലേയിൽ അയോഗ്യത
മലയാളി താരങ്ങളായ കുഞ്ഞു മുഹമ്മദ്, മുഹമ്മദ് അനസ് എന്നിവർ അണിനിരന്ന പുരുഷ വിഭാഗം 4×400 മീറ്റർ റിലേയിൽ ഇന്ത്യ വെള്ളി കരസ്ഥമാക്കിയെങ്കിലും അയോഗ്യരാക്കപ്പെട്ടു. ചൈനയുടെ അപ്പീലിന്മേലാണ് ഇന്ത്യയെ അയോഗ്യരാക്കിയത്. മത്സരത്തിനിടെ എതിർ താരത്തിന് തടസം സൃഷ്ടിച്ചെന്ന കാരണത്തിനായിരുന്നു അയോഗ്യത. 3:03.28 സെക്കൻഡിൽ കുഞ്ഞുമുഹമ്മദ്, മുഹമ്മദ് അനസ്, കെ.എസ്. ജീവൻ, ആരോക്യ രാജീവ് എന്നിവരുടെ സംഘം മത്സരം പൂർത്തിയാക്കിയിരുന്നു.
2017ൽ 12 സ്വർണം, അഞ്ച് വെള്ളി, 12 വെങ്കലം എന്നിങ്ങനെ 29 മെഡലുമായി ഇന്ത്യ ചാന്പ്യന്മാരായിരുന്നു. 2015ൽ 13 മെഡലുമായി മൂന്നാമതും 2013ൽ 17 മെഡലുമായി ആറാമതുമായിരുന്നു ഇന്ത്യ.