ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകൾ തകരാറിൽ. പഴയ അത്യാഹിത വിഭാഗം, ശസ്ത്രക്രിയ വിഭാഗം, പ്രധാന കവാടം എന്നിവിടങ്ങളിലെ ഭൂരിഭാഗം ലിഫ്റ്റുകളും പ്രവർത്തന രഹിതം. ചിലത് നന്നാക്കാനായി അഴിച്ചിട്ടിരിക്കുകയാണ്. എന്നു ശരിയാകുമെന്ന് ആർക്കുമറിയില്ല. ലിഫ്റ്റ് തകരാറിലായതോടെ ശസ്ത്രക്രിയാ തിയറ്ററിലേക്കും വാർഡുകളിലേയ്ക്കും രോഗികളെ യഥാസമയം എത്തിക്കുവാൻ കഴിയാതെ ജീവനക്കാരും രോഗികളുടെ ബന്ധുക്കളും ബുദ്ധിമുട്ടുന്നു.
പഴയ അത്യാഹിത വിഭാഗത്തിൽ രണ്ട് ലിഫ്റ്റ് ഉള്ളതിൽ ഒരെണ്ണം പുതിയ ഒ.പി. നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നില്ല. ശേഷിക്കുന്ന ഒരു ലിഫ്റ്റ് വഴി വേണം അത്യാഹിത വിഭാഗത്തിലെത്തുന്ന ഗുരുതരമായ രോഗികളെ തീവ്രപരിചരണ വിഭാഗത്തിലോ വാർഡുകളിലോ എത്തിക്കുവാൻ. കൂടാതെ ജനറൽ സർജറി, ഓർത്തോ പീഡിക്സ് എന്നീ വിഭാഗങ്ങളിലെ ഒ.പി.യിലെത്തുന്ന രോഗികളെ അഡ്മിറ്റ് ചെയ്താൽ ഇവരെ വാർഡുകളിൽ എത്തിക്കുവാൻ ട്രോളിയോ വീൽചെയറോ ആവശ്യമായ രോഗികളാണെങ്കിൽ ഇവരെ വാർഡുകളിൽ എത്തിക്കുവാനും പ്രയാസമാണ്.
രോഗികളെ ശസ്ത്രക്രിയക്കായി വാർഡുകളിൽ നിന്നു പ്രധാന ശസ്ത്രക്രിയാ തിയറ്ററുകളിലേക്ക് കൊണ്ടുപോകേണ്ടതും ലിഫ്റ്റ് വഴിയാണ്. എന്നാൽ പഴയതും പുതിയതുമായ രണ്ട് ലിഫ്റ്റാണ് ശസ്ത്രക്രിയാ തിയറ്ററിൽ പ്രവർത്തിക്കുന്നത്. എന്നാൽ ഒരു രോഗിയെ മാത്രം കൊണ്ടു പോകുവാൻ കഴിയുന്ന ആശുപത്രി സ്ഥാപിച്ച കാലഘട്ടത്തിലുള്ള പഴയ ലിഫ്റ്റ് മാത്രമാണ് പ്രവർത്തിക്കുന്നത്. വലിപ്പമുള്ളതും പുതിയതുമായ ലിഫ്റ്റ് തകരാർ സംഭവിച്ചതിനെ തുടർന്ന് റിപ്പയർ ചെയ്ത് കൊണ്ടിരിക്കുകയാണ്.
പ്രധാന കവാടത്തിലെ നാല് ലിഫ്റ്റുകളിൽ മൂന്നെണ്ണവും പ്രവർത്തനരഹിതം. ശേഷിക്കുന്ന ഒരു ലിഫ്റ്റ് വഴി വേണം വാർഡുകളിൽ നിന്നും അത്യാഹിത വിഭാഗത്തിൽ നിന്നും രോഗികളെ മറ്റ് പരിശോധനയ്ക്കും കൊണ്ടുപോകുവാൻ. അതിനാൽ ഏത് സമയവും ഈ ലിഫ്റ്റിൽ വലിയ തിരക്ക് അനുഭവപ്പെടുന്നു. വാർഡുകളിൽ കഴിയുന്ന രോഗികളെ ശസ്ത്രക്രിയാ തിയറ്ററിൽ യഥാസമയം എത്തിക്കുവാൻ കഴിയാത്തതിന്റെ പേരിൽ ഡോക്ടർമാരിൽ നിന്നും ശാസന കേൾക്കുന്നത് ജീവനക്കാരാണ്. ചില ലിഫ്റ്റുകൾ പ്രവർത്തിക്കുന്നത് തന്നെ ഓപ്പറേറ്റർമാരുടെ ജാഗ്രത ഒന്നു കൊണ്ടു മാത്രമാണ്.