ശ്രീലങ്കയില്‍ ചാവേറാക്രമണം നടത്തി നിരപരാധികളെ കൊന്നൊടുക്കിയ അബ്ദുള്‍ ലത്തീഫ് ജമീന്‍ മുഹമ്മദ് തീവ്രവാദത്തിലേക്ക് തിരിഞ്ഞതും മതഭ്രാന്തനായതും ഓസ്ട്രേലിയയിലെ ഉപരിപഠനത്തിനിടയിൽ. ബ്രിട്ടനില്‍ ബിരുദം നേടിയ ശേഷമാണ് ജമീന്‍ ഓസ്ട്രേലിയയിൽ ഉപരിപഠനത്തിന് എത്തിയത്.
അബ്ദുള്‍ ലത്തീഫ് വ്യോമയാന എന്‍ജിനീയറിങ് പഠിച്ചതു തെക്കു പടിഞ്ഞാറന്‍ ലണ്ടനിലെ കിങ്സ്റ്റണ്‍ സര്‍വകലാശാലയിലാണ്. 2006-2007 കാലയളവിലാണ് ജമീൻ പഠനം നടത്തിയത്. തികച്ചും ശാന്തനായ ആ വിദ്യാര്‍ഥി ഭീകരനായതിന്റെ പശ്ചാത്തലത്തെക്കുറിച്ച് സഹോദരി സമ്സൂള് ഹിദായയാണ് വെളിപ്പെടുത്തൽ നടത്തിയത്. ഭീകരാക്രമണത്തിനു പിന്നിൽ ജമീൻ ആണെന്നറിഞ്ഞപ്പോൾ സഹോദരി ബോധംകെട്ട് വീണിരുന്നു.
ഉപരിപഠനത്തിന് ഓസ്ട്രേലിയയില്‍ ആയിരുന്നപ്പോള്‍ സഹോദരൻ ശരിക്കും മാറിയതായി സഹോദരി പറയുന്നു. ഒരുതരം മതഭ്രാന്തായി. ശ്രീലങ്കയില്‍ തിരിച്ചെത്തിയത് മറ്റൊരു മനുഷ്യനായാണ്. താടിമീശ നീട്ടിവളര്‍ത്തിയ അവന് താടി ക്ഷൗരം ചെയ്യുന്നതിന്റെ പേരില്‍ ബന്ധുക്കളെ ചീത്തവിളിക്കുകയും ചെയ്തിരുന്നു.
നിഷ്കളങ്കനായ ആ പഴയ സഹോദരനെയാണു തീവ്രനിലപാടുകാരണം തങ്ങൾക്ക് നഷ്ടപ്പെട്ടതെന്നും സഹോദരി വ്യക്തമാക്കി. സ്കൂള്‍ യൂണിഫോമില്‍ സഹപാഠികള്‍ക്കൊപ്പം തമാശ പങ്കിട്ടും ഓടിക്കളിച്ചും അബ്ദുള്‍ ലത്തീഫ് നില്ക്കുന്ന ആൽബങ്ങളും സഹോദരി മാധ്യമപ്രവർത്തക കാട്ടി. അബ്ദുള്‍ ലത്തീഫ് അവര്‍ക്കൊപ്പം സന്തോഷം പങ്കിട്ടാണു വളര്‍ന്നതെന്നും അവർ പറഞ്ഞു.
കാന്‍ഡിയിലെ തേയില വ്യാപാരി കുടുംബാഗമാണ് അബ്ദുള്‍ ലത്തീഫ്. സാമ്പത്തിക ഭദ്രതയുള്ളവരായിരുന്നു വീട്ടുകാർ. അബ്ദുള്‍ ലത്തീഫിന്റെ ഭാര്യ തികച്ചും ശാന്തസ്വഭാവക്കാരിയായിരുന്നുവെന്നും മിതഭാഷിണിയായിരുന്നുവെന്നും കോടതി പറഞ്ഞു. ഓസ്ട്രേലിയയിലേക്ക് തിരിക്കും മുമ്പ് ആഡംബര ചടങ്ങോടെയാണ് ഇവരുടെ വിവാഹം നടന്നതെന്നും ഹിദായ വ്യക്തമാക്കി.