പത്തനംതിട്ട: ലോക്സഭാ മണ്ഡലത്തിൽ പോൾ ചെയ്ത വോട്ടുകൾ സൂക്ഷിച്ചിരിക്കുന്ന ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലെ സ്ട്രോംഗ് റൂമുകളുടെ സുരക്ഷാ ചുമതല പശ്ചിമബംഗാൾ പോലീസിന്. സംസ്ഥാന പോലീസിന്റെ സഹായവും ഇവർക്കുണ്ട്. പ്രത്യേകമായ പോലീസ് പട്രോളിംഗ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഓരോ സ്ട്രോംഗ് റൂമിനും ഒരു പോലീസ് എന്ന നിലയിൽ 54 പേർ അടങ്ങുന്ന പോലീസ് സേനയെ ആണ് 24 മണിക്കൂറും സേവനത്തിനായി വിന്യസിച്ചിരിക്കുന്നത്.
പത്തനംതിട്ട മണ്ഡലത്തിലെ 1437 ബൂത്തുകളിലെയും ഇവിഎം, വിവി പാറ്റ് മെഷീനുകളാണ് വോട്ടെണ്ണൽ കേന്ദ്രമായ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ സൂക്ഷിച്ചിരിക്കുന്നത്. പൊതു നീരിക്ഷകൻ സഹദേബ് ദാസ്, ജില്ലാ കളക്ടർ പി.ബി. നൂഹ്, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ഡെപ്യൂട്ടി കളക്ടർ എസ്. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ട്രോംഗ് റൂമുകളുടെ സീലിംഗ് നടത്തിയാണ് സുരക്ഷാ ചുമതല പോലീസിനു കൈമാറിയത്.
ഒരു മണ്ഡലത്തിന് മൂന്ന് സ്ട്രോംഗ് റൂമുകൾ എന്ന നിലയിൽ 21 സ്ട്രോംഗ് റൂമുകളിലായാണ് 1437 ബൂത്തുകളിലെ മെഷീനുകൾ സൂക്ഷിച്ചിരിക്കുന്നത്. കൂടാതെ തെരഞ്ഞെടുപ്പ് സംബന്ധമായ രേഖകൾ സൂക്ഷിക്കുന്നതിനായി ഓരോ നിയോജക മണ്ഡലത്തിനും ഒരു സ്ട്രോംഗ് റൂമും പ്രത്യേകം നൽകിയിട്ടുണ്ട്.
ഓരോ റൂമിനും പ്രത്യേകം പവർ സപ്ലൈ നൽകിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് സംഭവിക്കാതിരിക്കുന്നതിന് വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എആർഒമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ട്രോംഗ് റൂമുകളുടെ സുരക്ഷ ഉറപ്പാക്കുന്നത്. വോട്ടെണ്ണൽ ദിവസമായ മേയ് 23 വരെ കർശന സുരക്ഷാ സംവിധാനം ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ തുടരും.