നാദാപുരം: പരിഷ്ക്കരണ പ്രവൃത്തി നടക്കുന്ന നാദാപുരം മുട്ടുങ്ങല്‍ റോഡിലെ ഇലക്ട്രിക്ക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നു.ആദ്യഘട്ട ടാറിംഗ് പ്രവൃത്തി പൂര്‍ത്തിയായ രണ്ട് കിലോ മീറ്റര്‍ ഭാഗത്തുള്ള പോസ്റ്റുകള്‍ റോഡ് വീതി കൂട്ടിയതോടെ റോഡിന്റെ മധ്യഭാഗത്തായാണ് ഉള്ളത്.
റോഡ് പ്രവൃത്തി തുടങ്ങുന്നതിനി മുമ്പ് തന്നെ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും യോഗം വിളിച്ച് റോഡരികിലെ പോസ്റ്റുകളുംമരങ്ങളും മുറിച്ച് മാറ്റാന്‍ തീരുമാനമായിരുന്നു എന്നാല്‍ ഒന്നര മാസത്തോളമായിട്ടും തുടര്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
റോഡരികിലെ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ഫോറസ്റ്റ് അധികൃതരും തയാറായിട്ടില്ല.പതിനൊന്ന് കിലോ മീറ്റര്‍ ദൂരത്തില്‍ 12 മീറ്റര്‍ വീതിയിലാണ് റോഡ് പ്രവൃത്തി നടക്കുന്നത്.ഒന്നാം ഘട്ട ടാറിംഗ് രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ പൂര്‍ത്തിയായതോടെ വാഹനങ്ങള്‍ ചീറി പായുകയാണ് ഇതിനിടയിലാണ് പോസ്റ്റുകളും ഉള്ളത്.
പരിഷ്ക്കരണ പ്രവൃത്തിക്കും വൈദ്യുതി പോസ്റ്റുകൾ തടസ്സം ആവുന്നുണ്ട്.പോസ്റ്റുകളുടെ ഭാഗം ഒഴിവാക്കിയാണ് റോഡിൽ ടാറിംഗ് നടത്തുന്നത്.മുട്ടുങ്ങല്‍ മുതല്‍ നാദാപുരം വരെ ആയിരത്തിലധികം പോസ്റ്റുകളാണ് ഇത്തരത്തില്‍ നീക്കം ചെയ്യാനുള്ളത്.