ഫ്രാങ്കോ ലൂയിസ്
തൃശൂർ: സംസ്ഥാനത്തെ കോർപറേഷനുകളിൽ കെട്ടിടനിർമാണ അനുമതി നാലുമാസമായി അവതാളത്തിൽ. കെട്ടിട നിർമാണ അനുമതിക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഏകീകൃത സോഫ്റ്റ്വെയർ സംവിധാനമായ ഐബിപിഎംഎസ് (ഇന്റലിജന്റ് ബിൽഡിംഗ് പ്ലാൻ മാനേജ്മെന്റ് സിസ്റ്റം) പ്രവർത്തിക്കാത്തതാണു കാരണം.
നഗരങ്ങളിൽ വീടുകളും കെട്ടിടങ്ങളും നിർമിക്കാനുള്ള അപേക്ഷകൾ സമർപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഇതുമൂലം നഗരങ്ങളിൽ പുതിയ നിർമാണ പ്രവർത്തനങ്ങൾ ഇല്ല. അപേക്ഷ സമർപ്പിക്കാനും പരിശോധിച്ച് അനുമതി നൽകാനുമുള്ള സംവിധാനം സജ്ജമാകുന്നതുവരെ നിർമാണ സ്തംഭനം തുടരും. വിവിധ ഫീസ് ഇനങ്ങളിലായി സർക്കാരിനു കോടികളുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്.
കെട്ടിട നിർമാണ അനുമതിക്ക് സംസ്ഥാനത്തു “സങ്കേതം’ എന്ന ഓണ്‍ലൈൻ അപേക്ഷാ സംവിധാനമാണു നിലവിലുണ്ടായിരുന്നത്. 2014 ഏപ്രിൽ മുതൽ നഗരസഭകളിലും പിന്നീട് പഞ്ചായത്തുകളിലും ഈ സംവിധാനമനുസരിച്ച് ഓണ്‍ലൈൻ അനുമതി നൽകിയിരുന്നു. പുതിയ കെട്ടിട നിർമാണ നിയമങ്ങൾക്കു വിധേയമാക്കി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കുമായി ഏകീകരിച്ചു സജ്ജമാക്കിയതാണു ഐബിപിഎംഎസ് സോഫ്റ്റ്വെയർ.
കഴിഞ്ഞ വർഷം ജൂലൈയിൽ തിരുവനന്തപുരം കോർപറേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി. ഡിസംബർ വരെയും സങ്കേതം വിദ്യയിലൂടെയാണ് തിരുവനന്തപുരത്ത് അപേക്ഷകളിൽ നടപടികളെടുത്തിരുന്നത്. എന്നാൽ, പുതിയ ഐബിപിഎംഎസ് സോഫ്റ്റ്വെയർ വിജയിച്ചെന്ന് അവകാശപ്പെട്ട് സർക്കാർ ഡിസംബർ മാസത്തിൽ ഇതര കോർപറേഷനുകളിലേക്കും പുതിയ സോഫ്റ്റ്വെയർ വ്യാപിപ്പിച്ചു.
ഇതോടെ പഴയ സങ്കേതം കോർപറേഷനുകളിൽ ഇല്ലാതാക്കി. പഞ്ചായത്തുകളിലേക്കും പുതിയ വിദ്യ വ്യാപിപ്പിക്കുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. പിഴവു മനസിലാക്കി പഞ്ചായത്തുകളിലേക്കു വ്യാപിപ്പിച്ചില്ല. ഇതുമൂലം പഞ്ചായത്തുകളിലെ കെട്ടിട നിർമാണ അനുമതിക്കു തടസമുണ്ടായിട്ടില്ല.
പുതിയ ഐബിപിഎംഎസ് സോഫ്റ്റ്വെയറിനു പിഴവുകളുണ്ടെന്നു മാത്രമല്ല, അതീവ സങ്കീർണവുമാണെന്നാണു പരാതി. കൈകാര്യം ചെയ്യാൻ ചുമതലയുള്ള കോർപറേഷനിലെ ഉദ്യോഗസ്ഥർക്കും സോഫ്റ്റ്വെയറിൽ അപേക്ഷയും രേഖകളും അപ്ലോഡ് ചെയ്യേണ്ട ലൈസൻസികൾക്കും പരിശീലനം ലഭിച്ചിട്ടില്ല.സങ്കേതം സോഫ്റ്റ്വെയറിലൂടെ 2014 ഏപ്രിൽ മുതൽ ഇതുവരെ അഞ്ചു ലക്ഷം കെട്ടിട നിർമാണ പെർമിറ്റ് വിതരണം ചെയ്തെന്നാണു സർക്കാരിന്റെ അവകാശവാദം.
കെട്ടിട നിർമാണ അനുമതിക്കു സുതാര്യതയും വേഗവും പ്രതീക്ഷിച്ചു നടപ്പാക്കിയ പരിഷ്കാരം ഇപ്പോൾ അപേക്ഷ സ്വീകരിക്കാൻപോലും കഴിയാത്ത അവസ്ഥയിൽ കട്ടപ്പുറത്തായിരിക്കുകയാണ്. ഇൻഫർമേഷൻ കേരള മിഷനാണ് സങ്കേതം വിദ്യയും ഐബിപിഎംഎസ് സോഫ്റ്റ്വെയറും വികസിപ്പിച്ചത്.
ഓണ്‍ലൈൻ സംവിധാനം പ്രവർത്തന സജ്ജമാകുന്നതുവരെ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നാണ് കെട്ടിടം നിർമിക്കാൻ തയാറായി കാത്തുനിൽക്കുന്ന ആയിരക്കണക്കിന് അപേക്ഷകരും ജനപ്രതിനിധികളായ കൗണ്‍സിലർമാരും ആവശ്യപ്പെടുന്നത്.
പ്രളയംമൂലം തകർന്നവ പുനരുദ്ധരിക്കാനുള്ള അനുമതിപോലും ലഭിക്കാത്ത അവസ്ഥയാണ്. പ്ലാനും എസ്റ്റിമേറ്റും അടക്കമുള്ള രേഖകളുടെ പേപ്പർപകർപ്പുകളുടെ അടിസ്ഥാനത്തിൽ തത്കാലം അനുമതി ലഭ്യമാക്കണമെങ്കിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണ്ടിവരും.