വടക്കഞ്ചേരി: മുടപ്പല്ലൂർ ടൗണിലെ പുഴുവരിക്കുന്ന മലിനജലം വീടിനുള്ളിലേക്ക് കയറാതിരിക്കാനുള്ള മുന്നൊരുക്കത്തിലാണ് എണ്പതു വയസുള്ള മൈമൂണ്‍ ഉമ്മ. കഴിഞ്ഞദിവസങ്ങളിൽ വേനൽമഴയുണ്ടായപ്പോൾ ടൗണിൽ നിറഞ്ഞ മലിനജലവും കാനകളിൽനിന്നുള്ള വെള്ളവും മൈമൂണ്‍ ഉമ്മയുടെ വീടിനുള്ളിൽ കയറി. ഉടുതുണിയല്ലാതെ എല്ലാം നനഞ്ഞു നശിച്ചു.
വെള്ളം കയറിയപ്പോൾ രാത്രിമുഴുവൻ കട്ടിലിൽ ഇരുന്ന് ഉമ്മയും മക്കളും പേരക്കുട്ടികളും ദുരിതം അനുഭവിച്ചു. വീടിനുള്ളിലെ എല്ലാ മുറികളിലും കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മലിനജലം കയറിയതിനാൽ മുറികൾ വൃത്തിയാക്കാനും കുടുംബം ഏറെ പണിപ്പെട്ടു. ഇപ്പോഴും മലിനജലം കയറിയതിന്റെ ദുർഗന്ധം വീടിനുള്ളിലുണ്ട്.
മാനത്ത് മഴമേഘങ്ങൾ ഉരുണ്ടുകൂടുന്പോൾ ഇവരുടെ ആധിയേറും. ടൗണിലെ മൂന്നു റോഡുകളിൽനിന്നുള്ള വെള്ളംമുഴുവൻ സൗത്ത് ഇന്ത്യൻ ബാങ്കിന് എതിർവശത്തുള്ള മൈമൂണ്‍ ഉമ്മയുടെ വീടിനുമുന്നിൽ കെട്ടിനില്ക്കും. വാഹനങ്ങൾ പോകുന്പോൾ വെള്ളം അലയടിച്ച് റോഡിനേക്കാൾ താഴെയുള്ള ഇവരുടെ വീടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറും.
നൂറ്റാണ്ടോളം പഴക്കമുള്ള മണ്ചുമർ വീടായതിനാൽ ദിവസങ്ങളോളം വെള്ളം കെട്ടിനിന്നാൽ ചുമർനനഞ്ഞ് വീടും അപകടഭീഷണിയിലാണ്. ഇതിലാണ് പിഞ്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ കഴിയുന്നത്.മലിനജലം വീടിനുള്ളിൽ കടക്കാതിരിക്കാൻ വാതിലിന്റെ കട്ടിളയ്ക്കു മുകളിൽ രണ്ടടി ഉയരത്തിൽ കല്ലുവച്ച് അടയ്ക്കുകയാണ് മൈമൂണ്‍ ഉമ്മ. വീട്ടിലേക്ക് കടക്കാനും പുറത്തേക്കിറങ്ങാനും ബുദ്ധിമുട്ടാണെങ്കിലും ഇനിയും വീടിനുള്ളിലേക്ക് മലിനജലം കടന്നാൽ പകർച്ചവ്യാധിക്കൊപ്പം വീടും തകരുമെന്നാണ് ഈ ഉമ്മ പറയുന്നത്.
മൈമൂണ്‍ ഉമ്മയുടെ ഇതേ ദുരവസ്ഥ ഇവിടത്തെ മറ്റു പല വീട്ടുകാർക്കും ടൗണിലെ അന്‍പതോളം കച്ചവടക്കാർക്കുമുണ്ട്. മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിലെ പ്രധാന ടൗണുകളിലൊന്നാണ് മുടപ്പല്ലൂർ. ഇവിടത്തെ വെള്ളക്കെട്ടിന് ഒരുപതിറ്റാണ്ടോളം പഴക്കമുണ്ട്.
കച്ചവടക്കാരുടെയും വീട്ടുകാരുടെയുമെല്ലാം നിരന്തര പരാതിയെ തുടർന്ന് രണ്ടുവർഷംമുന്പ് കാൽകോടി രൂപ ചെലവഴിച്ച് ഇവിടെ പുതിയ കാന നിർമിച്ചെങ്കിലും നിർമാണത്തിലെ അപാകതകളും യഥാസമയം മാലിന്യം നീക്കം ചെയ്യാത്തതുംമൂലംവെള്ളക്കെട്ട്അതിരൂക്ഷമായി.
വെള്ളംപോയിരുന്ന ചാൽ സ്വകാര്യവ്യക്തികൾ അടച്ചുകെട്ടിയതും ദുരിതം വർധിപ്പിച്ചു. പഞ്ചായത്തോ പൊതുമരാമത്ത് അധികൃതരോ മുടപ്പല്ലൂരിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണാൻ രംഗത്തുവരുന്നില്ലെന്നാണ് ആക്ഷേപം. പരസ്പരം പഴിചാരി ഇവർ ഒഴിഞ്ഞുമാറുകയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് അബ്ദുള്ള, സെക്രട്ടറി പ്രകാശൻ എന്നിവർ ആരോപിച്ചു.
മാലിന്യം കുന്നുകൂടി രോഗഭീതി പടരുന്പോഴും ആരോഗ്യവകുപ്പും അനങ്ങുന്നില്ലെന്ന് പരാതിയുണ്ട്. മഴക്കാലമാകുന്നതോടെ വെള്ളക്കെട്ട് വലിയ പ്രശ്നമായി മാറും.