പാലക്കാട് : മോട്ടോർ വാഹനവകുപ്പും പോലീസും സംയുക്തമായി വാളയാർ ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിൽ പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച 119 ബസ്സുകൾക്കെതിരെ നടപടിയെടുത്തു . 26 വാഹനങ്ങളിൽനിന്നായി 1,30000 രൂപ പിഴയാടാക്കി.
ബാക്കിയുള്ള വാഹനങ്ങളുടെ കുറ്റപത്രം നടപടികൾക്കായി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയിലേക്ക് കൈമാറി. അന്തർ-സംസ്ഥാന സർവീസ് നടത്തുന്ന വാഹനങ്ങളിലെ യാത്രക്കാരോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തെ കുറിച്ചുള്ള പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിലാണ് വാഹനങ്ങളിൽ പരിശോധന കർശനമാക്കിയത്.
തൃശൂർ ഡെപ്യൂട്ടി ട്രാൻസ്പോർട് കമ്മീഷണർ അജിത്കുമാർ, എൻഫോഴ്സ്മെൻറ് ആർ.ടി.ഒ പി.ശിവകുമാർ,ആർ.ടി.ഒ ടി .സി.വിനേഷ് നേതൃത്വം നൽകി.
കല്ലടയുടെ ഓഫീസ് അടപ്പിച്ചു
പാലക്കാട് : ലൈസൻസില്ലാതെ പ്രവർത്തിച്ചു വരുന്ന പാലക്കാട് ചന്ദ്രനഗറിലുള്ള കല്ലടയുടെ ബുക്കിംഗ് ഓഫീസ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവർത്തകർ അടപ്പിച്ചു.സംസ്ഥാന തലത്തിൽ പരിശോധന കർശനമാക്കുമെന്ന സർക്കാർ പ്രഖ്യാപനം പ്രഹസനമാണെന്ന് വ്യക്തമാക്കുന്നതാണ് ചന്ദ്രനഗർകല്ലട ബുക്കിങ്ങ് ഓഫീസിന്റെ പ്രവർത്തനം.
പാലക്കാട് മോട്ടോർ വാഹന വകുപ്പ് കല്ലയുടെ ഏജന്റായാണ് പ്രവർത്തിക്കുന്നത്. കല്ലടയുടെ പ്രതിമാസ സാന്പത്തിക കൈപ്പറ്റുന്നതു കൊണ്ടാണ് വിവാദ വിഷയമായിട്ടു പോലും പരിശോധന നടത്താൻ അധികൃതർ തയ്യാറാവാത്തതതെന്നും കോൺഗ്രസ് ആരോപിച്ചു.യാത്രക്കാർക്കുള്ള ബുക്കിങ്ങ് ഓഫീസ് എന്ന പേരിലാണ് പ്രവർത്തനമെങ്കിലും ഈ ഓഫീസ് നിറയെ പാർസലുകളായിരുന്നുവെന്നു പ്രവർത്തകർ പറഞ്ഞു.
യൂത്ത്കോണ്‍ഗ്രസ്സ് പാലക്കാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് ബോബൻ മാട്ടുമന്ത, അനിൽ ബാലൻ, നിഖിൽ.സി,രതീഷ് പുതുശ്ശേരി, ദീപു, സുമേഷ്.വി, സദ്ദാം ഹുസൈൻ, വിബിൻ.പി.എസ്സ്, റിജേഷ്.ബി, ഷാജികുട്ടൻ, മണ്‍സൂർ, ഹരിദാസ് മച്ചിങ്ങൽ, ശ്രീജു ,അബു കൽമണ്ഡപം, നവാസ് നേതൃത്വം നല്കി.