രാജീവ് ഡി.പരിമണം
കൊല്ലം :ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സ്ഥാനാർഥികൾ തിരക്കിലാണ്.എൽഡിഎഫ് സ്ഥാനാർഥി കെഎൻ.ബാലഗോപാൽ പാർട്ടി സെക്രട്ടറിയേറ്റിൽ സംബന്ധിക്കാൻ തിരുവനന്തപുരത്താണ്. പാർട്ടിപരിപാടികൾ കൂടാതെ മണ്ഡലങ്ങളിലെ കല്യാണവീടുകളിലും മരണവീടുകളിലും സന്ദർശനത്തിലാണ് യുഡിഎഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രൻ. എൻഡിഎ സ്ഥാനാർഥിയും തിരക്കിലാണ്.
ഇതിനകംതന്നെ ജില്ലയിലെ എൽഡിഎഫ് യുഡിഎഫ് ,എൻഡിഎ കമ്മിറ്റികൾ വിലയിരുത്തൽ നടത്തിയിട്ടുണ്ട്. കെഎൻബാലഗോപാലിന്അറുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് സിപിഎം പാർലമെന്ററി കമ്മിറ്റിയോഗം വിലയിരുത്തി. ചവറ ഒഴികെയുള്ള മണ്ഡലങ്ങളിൽ ബാലഗോപാലിന് മുൻതൂക്കം ലഭിക്കുമെന്നും വിലയിരുത്തി.
അതേസമയം യുഡിഎഫ് സ്ഥാനാർഥി എൻകെ പ്രേമചന്ദ്രന് 50000ൽപ്പരം വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ യുഡിഎഫ് പാർലമെന്ററികമ്മിറ്റി 29ന് ചേരുന്നതോടെ വ്യക്തമായ വിലയിരുത്തൽ ഉണ്ടാകും. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയെ 37649 വോട്ടിനാണ് പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത്.എല്ലാമണ്ഡലങ്ങളിലും യുഡിഎഫിന് ഭൂരിപക്ഷമുണ്ടാകുമെന്നും യുഡിഎഫ് കരുതുന്നു.
കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും എൻഡിഎയ്ക്ക് വൻ മുന്നേറ്റമുണ്ടാകുമെന്നാണ് എൻഡിഎ ജില്ലാകമ്മിറ്റിയുടെ വിലയിരുത്തൽ. രാഷ്ട്രീയ സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്നും പോളിംഗ് ശതമാനത്തിലെ വർധന എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കുമെന്നും വിലയിരുത്തുന്നു.
ബൂത്ത് തലത്തിൽ ലഭിക്കാൻ സാധ്യതയുള്ള വോട്ടുകളുടെ കണക്ക് അനുസരിച്ചാണ് സിപിഎം വിലയിരുത്തൽ നടത്തിയിട്ടുള്ളത്. ചവറയിലാണ് ഇക്കുറി ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം ഉയർന്നത്. 77.20ശതമാനം. ഇവിടെ പോളിംഗ് കഴിഞ്ഞ തവണ 76.47 ആയിരുന്നു. കഴിഞ്ഞ തവണ എൽഡിഎഫ് പിന്നിൽ പോയ കുണ്ടറയിൽ 75.78 ശതമാനം പോളിംഗ് നടന്നു.
2014ലെ ലോകസഭാതെരഞ്ഞെടുപ്പിനെക്കാൾ രണ്ടു ശമാനത്തിലേറെ വോട്ടിന്റെ പോളിംഗ് വർധനയുണ്ടായി. ഇവിടെ 12500 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സിപിഎം വിലയിരുത്തൽ.കഴിഞ്ഞതവണ എൽഡിഎഫ് പിന്നിലായ കൊല്ലത്തും ഇരവിപുരത്തും ഇക്കുറി വൻമുന്നേറ്റമുണ്ടാകുമെന്നും വിലയിരുത്തുന്നു. അതേസമയം ചവറയിൽ എൽഡിഎഫ് പിന്നോട്ട് പോകുമെന്ന വിലയിരുത്തലാണെങ്കിലും അത്രമോശമായ സാഹചര്യമുണ്ടാവില്ലെന്ന് പ്രാദേശിക നേതാക്കൾ നൽകിയ റിപ്പോർട്ടിൽ പറയുന്നു .
പുനലൂരിലും ചാത്തന്നൂരിലുമാണ് ഇക്കുറി വോട്ടിംഗ് ശതമാനം പൊതുവേ കുറവായത്. ഇവിടെയും എൽഡിഎഫിന് തന്നെയാണ് മേൽക്കൈഎന്നുള്ളതാണ് വിലയിരുത്തൽ. പോളിംഗ് ശതമാനം വർധിക്കാനിടയാക്കിയ സാഹചര്യവും വിലയിരുത്തിയിട്ടുണ്ട്.
മുഖ്യമായിട്ടുള്ളത് ബോധവൽക്കരണം ശക്തമാക്കുകയും പാർട്ടിക്കാർ വാശിയോടെ പരരമാവധി വോട്ടർമാരെ ബൂത്തുകളിലെത്തിക്കുകയും ചെയ്ത സാഹചര്യമാണെന്നും ഒരു വിഭാഗം നടത്തിയ വിലയിരുത്തലിൽ പറയുന്നു. ഏഴ് അസംബ്ലി മണ്ഡലങ്ങലിലും പോളിംഗ് ശതമാനം വർദിച്ചിട്ടുണ്ട്. ഇത് ആർക്ക് അനുകൂലമാകുമെന്ന വിലയിരുത്തലാണ് മുഖ്യം.