ലോക്സഭാ തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നിന്നും മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 2.51 കോടിയുടെ ആസ്തിയുണ്ടെന്ന് സത്യവാങ്മൂലം. വാരാണസിയിലെ കളക്ടര്‍ മുന്‍പാകെ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് വെളിപ്പെടുത്തല്‍. 1.41 കോടിയുടെ ജംഗമസ്വത്തും 1.1 കോടിയുടെ സ്ഥാവര സ്വത്തും അടങ്ങിയതാണ് ആസ്തി.
1978-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദവും 1983-ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
എസ്.ബി.ഐയില്‍ സ്ഥിര നിക്ഷേപമായി 1.27 കോടി രൂപയുള്ള മോദിക്ക് 38,750 രൂപയാണ് കൈയില്‍ പണമായുള്ളത്. 4143 രൂപ ബാങ്ക് അക്കൗണ്ടിലുണ്ട്. കൂടാതെ 20,000 രൂപയുടെ ബോണ്ടും എന്‍.എസ്.സി (നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്) യില്‍ 7.61 ലക്ഷം രൂപയുമുണ്ട്. 1.90 ലക്ഷം രൂപയുടെ രണ്ട് ഇന്‍ഷൂറന്‍സ് പോളിസിയാണ് മോദിക്കുള്ളത്.
ഗാന്ധി നഗറിലുള്ള വീടിന്റെ 25 ശതമാനമാണ് അദ്ദേഹത്തിന് അവകാശപ്പെട്ടത്. ഇതിന് 1.10 കോടി രൂപ വില കണക്കാക്കുന്നു. 1.13 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ്ണ മോതിരങ്ങളും മോദിക്കുള്ളതായി പത്രികയില്‍ പറയുന്നു. ശമ്പളവും നിക്ഷേപത്തില്‍ നിന്നുള്ള പലിശയുമാണ് മോദിയുടെ പ്രധാന വരുമാന മാര്‍ഗമെന്നും പത്രികയില്‍ വ്യക്തമാക്കുന്നു.
എന്‍.ഡി.എയിലെ എല്ലാ ഘടകകക്ഷി നേതാക്കള്‍ക്കുമൊപ്പമെത്തിയാണ് മോദി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.