ദുബായ്: യുണൈറ്റഡ് കിംഗ്ഡമില്‍ മേയ് 30ന് ആരംഭിക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ ലീഗ് മത്സരങ്ങള്‍ക്കുള്ള അമ്പയര്‍മാരെ പ്രഖ്യാപിച്ചു. ഇന്ത്യയില്‍നിന്ന് സുന്ദരം രവിയെ മാത്രമാണ് 22 മാച്ച് ഓഫീഷല്സില് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ മാച്ച് ഒഫീഷൽസില് മൂന്നു പേര് ലോകകപ്പ് നേടിയ ടീമില്‍ അംഗങ്ങളായിരുന്നു.
48 മത്സരങ്ങളുള്ള ടൂര്‍ണമെന്റില്‍ പതിനാറ് അമ്പയര്‍മാരെയും ആറു മാച്ച് റഫറിമാരെയുമാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചത്. മാച്ച് ഓഫീഷല്സില് സ്ഥാനം നേടിയ ഇന്ത്യയില്‍നിന്നുള്ള ഏക അമ്പയര്‍ രവിയെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഐപിഎലില്‍ മത്സരത്തിനിടെ നോബോള്‍ ശ്രദ്ധിക്കാതിരുന്നതില്‍ വിമര്‍ശിച്ചിരുന്നു.
ഓവലില്‍ നടക്കുന്ന ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരത്തോടെയാണ് ലോകകപ്പിനു തുടക്കമാകുന്നത്. ലോകകപ്പ് നേടിയ മൂന്നുപേർ ആ മത്സരം നിയന്ത്രിക്കാനുണ്ടാകുമെന്ന പ്രത്യേകതയുണ്ട്. ഡേവിഡ് ബൂണ്‍ മാച്ച് റഫറിയാകും. ഫീല്‍ഡ് അമ്പയര്‍മാരില്‍ രണ്ടുപേരില്‍ ഒരാള്‍ കുമാര്‍ ധര്‍മസേനയും തേഡ് അമ്പയര്‍ പോള്‍ റീഫെലുമാകും. ബ്രൂസ് ഓക്സന്‍ഫോര്‍ഡാണ് രണ്ടാമത്തെ ഫീല്‍ഡ് അമ്പയര്‍. ജോയല്‍ വില്‍സണാണ് നാലാമത്തെ ഒഫീഷൽ.
1987ല്‍ അലന് ബോര്‍ഡറുടെ നേതൃത്വത്തില്‍ ഓസ്ട്രേലിയ ചാമ്പ്യന്മാരായ ടീമില്‍ ബൂണ്‍ അംഗമായിരുന്നു. ധര്‍മസേന 1996ല്‍ അര്‍ജുന രണതുംഗയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കന്‍ ടീമിലെ അംഗമായിരുന്നു. 1999ൽ സ്റ്റീവ് വോയുടെ നേതൃത്വത്തില്‍ ഓസ്ട്രേലിയ കിരീടം നേടിയ ടീമിലെ അംഗമായിരുന്നു റീഫെല്‍.
പാക്കിസ്ഥാനില്‍നിന്നുള്ള അലീം ദാര്‍ ഒഫീഷലാകുന്ന അഞ്ചാമത്തെ ലോകകപ്പാണിത്. ഇംഗ്ലണ്ടില്‍നിന്നുള്ള ഇയാന്‍ ഗ്ലൗഡിന്റെ നാലാമത്തെയും അവസാനത്തെയും ലോകകപ്പാ യുകെയില്‍ നടക്കുക. ടൂര്‍ണമെന്റിനുശേഷം വിരമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. 1983 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റ്കീപ്പറായിരുന്നു ഗ്ലൗഡ്.