‘അമ്മ’യുടെ ആണധികാര രാഷ്ട്രീയത്തിനെതിരെയാണ് ഡബ്ലുസിസി രൂപം കൊണ്ടതെന്ന് രേവതി! മീടു പരാതി വന്നപ്പോള്‍ സുഹൃത്തായിരുന്നെങ്കിലും അലന്‍സിയറോട് യാതൊരു പരിഗണനയും കാട്ടിയില്ലെന്ന് ശ്യാം പുഷ്‌കരന്‍; വാര്‍ഷിക വേദിയില്‍ താരങ്ങള്‍

സമൂഹത്തിലെ, പ്രത്യേകിച്ച് കേരളത്തിലെ ലിംഗപരമായ വേര്‍തിരിവുകള്‍ക്ക് എതിരെയാണ് ഡബ്ല്യു.സി.സി ആദ്യമായി ശബ്ദം ഉയര്‍ത്തിയതെന്ന് നടി രേവതി. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രണ്ടാംവാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രേവതി.

ഒരു സുഹൃത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ അവള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു കൂട്ടായ്മ രൂപപ്പെട്ടതെന്നും പിന്നീട് ഇരയ്ക്കും വേട്ടക്കാരനും രണ്ടു നീതി ഉറപ്പാക്കിയ എ.എം.എം.എയുടെ ആണധികാര രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരാടാന്‍ വേണ്ടിയാണ് സംഘടനയായതെന്നും രേവതി പറഞ്ഞു.

നൂറ്റാണ്ടുകളായി നിലനിന്നിരുന്ന പുരുഷാധിപത്യത്തെ ചോദ്യം ചെയ്തത് ഇഷ്ടപ്പെടാത്തവരുമായി ഇപ്പോഴും നിയമയുദ്ധത്തിലാണെന്നും രേവതി കൂട്ടിച്ചേര്‍ത്തു.

തന്റെ സുഹൃദ് വലയത്തിനുള്ളിലുള്ള അലന്‍സിയറിനെതിരെ മീ ടു ആരോപണം വന്നപ്പോള്‍ ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറായിരുന്നില്ലെന്നായിരുന്ന്, സമ്മേളനത്തില്‍ അതിഥിയായെത്തിയ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കകനും പറഞ്ഞു. സന്ധി സംഭാഷണങ്ങള്‍ക്കായി അലന്‍സിയര്‍ പലവട്ടം വിളിച്ചിരുന്നെന്നും ശ്യാം വെളിപ്പെടുത്തി.

എന്നാല്‍ ആക്രമണം നേരിട്ട പെണ്‍കുട്ടിക്ക്, അവള്‍ക്കുകൂടി തൃപ്തിയാകുന്ന ഒരു സൊല്യൂഷന്‍ വരുന്നതു വരെ ഒരു സന്ധിസംഭാഷണത്തിനും തയ്യാറല്ലെന്ന് അലന്‍സിയറിനോട് വ്യക്തമാക്കുകയായിരുന്നെന്ന് ശ്യാം പറഞ്ഞു.

സൗഹൃദം ഒരു തേങ്ങയുമല്ല. മാനവികതയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഡബ്ല്യു.സി.സിയുടെ കൂടെ ഇനിയുമുണ്ടാകുമെന്നും ശ്യാം പുഷ്‌ക്കരന്‍ പറഞ്ഞു.

Related posts