വൈപ്പിൻ: മാലിപ്പുറം കർത്തേടത്ത് കഴിഞ്ഞമാസം ആത്മഹത്യചെയ്ത അന്പതുകാരിയായ വീട്ടമ്മയുടെ മരണത്തിനു പിന്നിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെന്ന് ബന്ധുക്കളുടെ ആരോപണം. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ മനക്കിൽ ലാലിയുടെ ഭാര്യ സുബിജയാണ് മരിച്ചത്. കഴിഞ്ഞമാസം 27നായിരുന്നു സംഭവം. പണം പലിശക്കു നൽകുന്ന ആലപ്പുഴക്കാരായ ദന്പതികളുടെ ഭീഷണിയാണ് വീട്ടമ്മയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നു ബന്ധുക്കൾ പറയുന്നു.
മകനു നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടക്കുമെന്നു ദന്പതികൾ വീട്ടിലെത്തി ഭീഷണി മുഴക്കിയതായി പിന്നീടാണ് ബന്ധുക്കൾ അറിയുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തിരുന്നു. കാര്യങ്ങൾ മനസിലാക്കിയ ബന്ധുക്കൾ ഇക്കാര്യം പോലീസിനെ ധരിപ്പിക്കുകയും മരണാനന്തരം വീട്ടിലെത്തിയ ദന്പതികളെ പിടികൂടി പോലീസിൽ ഏല്പിക്കുകയും ചെയ്തെങ്കിലും അന്വേഷണം മന്ദഗതിയിലാണെന്നാണ് ബന്ധുക്കളുടെ പരാതി.
ഇതിനിടെ ദന്പതികൾ തങ്ങൾക്കു പണം വേണ്ടെന്നും കേസിൽനിന്നും ഒഴിവാക്കിയാൽ മതിയെന്നും ബന്ധുക്കളെ അറിയിച്ചെങ്കിലും കേസുമായി മുന്നോട്ടു പോകാനാണു ബന്ധുക്കളുടെ തീരുമാനം. നാലരലക്ഷത്തോളം രൂപ നൽകാനുണ്ടെന്നാണു ദന്പതികളുടെ അവകാശവാദം. എന്നാൽ ഇത്രയും തുകയുടെ ഒരു ആവശ്യവും ആ വീട്ടിൽ വേണ്ടിവന്നിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
മാത്രമല്ല മറ്റ് സാന്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുമില്ല. ഇതിനിടെ വീട്ടമ്മയുടെ അക്കൗണ്ടിൽനിന്നും വൻതുക പിൻവലിച്ചതും കാറിന്റെ രേഖകൾ ദന്പതികളുടെ കൈവശം ആയിരുന്നതിലും ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഞാറക്കലെ ബ്യൂട്ടിഷ്യനായ ഒരു യുവതിയാണ് ഇടനിലക്കാരിയെന്നാണ് സുബിജയുടെ ബന്ധുക്കൾ പറയുന്നത്.
ഇവർ മുഖേന പലർക്കും ഈ ദന്പതികൾ വൈപ്പിൻ കരയിൽ പണം പലിശക്ക് നൽകിയിട്ടുണ്ടെന്നാണ് സൂചന. ജില്ലയിലും അയൽ ജില്ലകളിലും സ്ത്രീകളെ ഉപയോഗിച്ച് വൻ തുക പലിശക്ക് നൽകുന്ന ബ്ലെയ്ഡ് മാഫിയകളുടെ കണ്ണികളാണ് ദന്പതികൾ എന്ന് ബന്ധുക്കൾ പറയുന്നു. അന്വേഷണത്തിൽ പോലീസിന്റെ മെല്ലേപ്പോക്കിനെതിരേ ബന്ധുക്കൾ റൂറൽ എസ്പി , മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കു പരാതി നൽകാനുള്ള ശ്രമത്തിലാണ്.