കോട്ടയം: കെവിൻ വധക്കേസിലെ സാക്ഷിയെ കോടതിക്കുള്ളിൽ ഭീഷണിപ്പെടുത്തിയതിനു പ്രതിക്കെതിരേ കേസ്. കേസിൽ നിർണായകമായ മൊഴി നൽകുകയും തെളിവായ വാട്സ് അപ്പ് സന്ദേശം സമർപ്പിക്കുകയും ചെയ്ത 26 -ാം സാക്ഷി ലിജോയെയാണ് കോടതിമുറിക്കുള്ളിൽ പ്രതി ഭീഷണിപ്പെടുത്തിയത്.
കേസിലെ ഒന്നാം പ്രതിയായ ഷാനു ചാക്കോയ്ക്കെതിരായ നിർണായക മൊഴി നൽകിയ പുനലൂർ ചാലിയേക്കര സ്വദേശിയായ ലിജോയെയാണ് എട്ടാം പ്രതിയായ നിഷാദ് ഭീഷണിപ്പെടുത്തിയതായി പരാതി ഉയർന്നത്. കോടതി മുറിയിൽ നിൽക്കുന്പോൾ കൈകൊണ്ടു കഴുത്തറുക്കുമെന്ന ആംഗ്യം കാട്ടുകയായിരുന്നു. സംഭവത്തിൽ കോടതി നിർദേശാനുസരണം ഈസ്റ്റ് പോലീസ് കേസെടുത്തു.
കെവിൻ കൊല്ലപ്പെട്ട ദിവസം ഷാനു ചാക്കോ ലിജോയ്ക്കു വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. “അവൻ ചത്തു’ എന്നതായിരുന്നു സന്ദേശം. ഈ തെളിവ് പോലീസ് കോടതിയിൽ ഹാജരാക്കി. നീനു കെവിനൊപ്പം പോകുകയാണെന്നു ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എഴുതി വച്ചിരുന്നതായി ലിജോ കോടതിയിൽ പറഞ്ഞു.
കെവിനുമായുള്ള ബന്ധത്തിന് എതിരുനിന്ന നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയുടെ വാട്സ് ആപ്പിൽ കെവിന്റെ ചിത്രങ്ങൾ താനാണ് അയച്ചു നൽകിയത്. കെവിൻ കൊല്ലപ്പെടുന്നതിനു രണ്ടുദിവസം മുന്പ് നീനുവിന്റെ പിതാവ് ചാക്കോ കോട്ടയത്ത് എത്തിയതു തനിക്കൊപ്പമാണെന്നും ലിജോ കോടതിയിൽ വെളിപ്പെടുത്തി. ഇതുകൂടാതെ നേരത്തെ ലിജോ പാലാ മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്നു. ഇതെല്ലാം കേസിൽ നിർണായക തെളിവായി മാറും.
ഇതിനിടെയാണ് ഇന്നലെ കോടതിയിൽ വാദം നടക്കുന്നതിനിടെ പ്രതി ലിജോയെ ഭീഷണിപ്പെടുത്തിയത്. കോടതിക്കുള്ളിൽ പ്രതിക്കൂട്ടിൽനിന്ന പ്രതി നിയാസിനെ ലിജോ തിരിച്ചറിയുന്ന ഘട്ടത്തിലായിരുന്നു ഭീഷണി. കഴുത്തിൽ കൈവച്ച്, കഴുത്തറുക്കുമെന്ന ആഗ്യം നിയാസ് കാണിച്ചു.
ഉടൻതന്നെ ലിജോ ഇതു പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സി. ജയചന്ദ്രനെ അറിയിച്ചു. കോടതിയിലും പുറത്തും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നു കോടതി പ്രതിക്കു താക്കീത് നൽകി. സാക്ഷികൾക്കു സുരക്ഷ ഉറപ്പാക്കാനും നടപടികളുമായി മുന്നോട്ടു പോകാനും പ്രോസിക്യൂഷനോടും നിർദേശിച്ചു.
തുടർന്നാണ് നിയാസിനെതിരേ ഈസ്റ്റ് പോലീസ് കേസെടുത്തത്. കെവിനെ കൊലപ്പെടുത്തിയിട്ടില്ലെന്നും ഓടി രക്ഷപ്പെടുന്നതിനിടെ വെള്ളത്തിൽ വീണു മരിച്ചതാണെന്നുമാണു പ്രതികളുടെ വാദം. ഈ വാദം തള്ളുന്ന മൊഴിയാണ് ലിജോയുടേത്.
കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകാൻ പ്രതികൾ ഉപയോഗിച്ച വാഹനം കേസിലെ പ്രധാന സാക്ഷി അനീഷ് തിരിച്ചറിഞ്ഞു. ഇതോടെ അനീഷിന്റെ വിസ്താരം പൂർത്തിയായി. കേസിലെ മുഖ്യപ്രതി ഷാനു, രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ് എന്നിവരെ ലിജോ തിരിച്ചറിഞ്ഞു. അനീഷിന്റെയും ലിജോയുടെയും വാദം പൂർത്തിയാകാതിരുന്നതിനാൽ നീനുവിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയില്ല.