കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നി ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെയുള്ള സമയത്ത് മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം.
• മലയോര മേഖലയിലെ റോഡുകൾക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ ചാലുകളുടെ അരികിൽ വാഹനങ്ങള് നിർത്തരുത്.
• മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
• സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.
• നദികൾ, ചാലുകൾ എന്നിവ മുറിച്ചു കടക്കരുത്
• പാലങ്ങളിലും, നദിക്കരയിലും മറ്റും നിന്ന് സെൽഫിഎടുക്കുന്നത് ഒഴിവാക്കുക
• പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനൽ പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം.
• നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക.
എമർജൻസി കിറ്റിൽ ഉണ്ടാകേണ്ട വസ്തുക്കൾ (ഒരു വ്യക്തിക്ക് എന്ന കണക്കിൽ):
ടോർച്ച്, റേഡിയോ, ഒരു ലിറ്റർ ശുദ്ധജലം, ഒആർഎസ് പാക്കറ്റ്, അവശ്യ മരുന്നുകൾ, മുറിവിന് പുരട്ടാവുന്ന മരുന്ന്, ആന്റിസെപ്ടിക് ലോഷൻ, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കിൽ ഈന്തപ്പഴം, ബിസ്കറ്റ്, റസ്ക്, ചെറിയ കത്തി, 10 ക്ലോറിൻ ടാബ്ലെറ്റ്, ബാറ്ററി ബാങ്ക്-ബാറ്ററി, മൊബൈൽ ഫോണ്, തീപ്പെട്ടിയോ ലെറ്ററോ, അത്യാവശ്യം കുറച്ച് പണം.
• പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയർന്ന സ്ഥലത്തു സൂക്ഷിക്കുക.
• ഒൗദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നൽകുക.
• ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.
• ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ നന്പറുകൾ 1077 എന്നതാണ്. ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കിൽ എസ്ടിഡി കോഡ് ചേർത്തു വിളിക്കുക
• പഞ്ചായത്ത് അധികാരികളുടെ ഫോണ് നന്പർ സൂക്ഷിക്കുക
• വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാൽ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.
• വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക.