കോഴിക്കോട്: നഗരമധ്യത്തില്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിനുമുന്നില്‍ വച്ച് കത്തിക്കുത്തേറ്റ് മരിച്ചയാളെ ഒരാഴ്ചകഴിഞ്ഞിട്ടും തിരിച്ചറിഞ്ഞില്ല. തമിഴ്നാട് സ്വദേശിയാണെന്ന സംശയത്തില്‍ ഇയാളുടെ ഫോട്ടോ , തമിഴ്നാട്, കര്‍ണാടക പോലീസിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആളെതിരിച്ചറിയുന്നതിന് സഹായകരമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.
കൊല്ലപ്പെട്ടയാളുടെ കൈവശമുണ്ടായിരുന്ന കവറില്‍ നിന്ന് തമിഴ് ഭാഷയിലെഴുതിയ കടലാസുകള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ മേല്‍വിലാസം തെളിയിക്കുന്ന രേഖകളൊന്നും ഇല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ നാടുവിട്ടതിനാല്‍ ഇവിടെ ബന്ധുക്കള്‍ ഉണ്ടോ എന്നകാര്യവും ഉറപ്പില്ല.
നഗരത്തില്‍ പലയിടത്തായി അലഞ്ഞു തിരിഞ്ഞ് ഉപജീവനം കഴിയ്ക്കുന്നയാളാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ 19ന് ഉച്ചയോടെയായിരുന്നു സംഭവം. ഇയാളെ കുത്തിയ ശേഷം കമ്മീഷണര്‍ ഓഫീസിലേക്ക് കത്തിയുമായി എത്തിയ യുവാവ് തന്റെ പേര് പ്രബിന്‍ദാസ് എന്നാണെന്നും വളയം സ്വദേശിയാണെന്നും ഒരാളെ കുത്തിക്കൊന്നെന്നും വെളിപ്പെടുത്തുകയായിരുന്നു.
കുത്തേറ്റയാളെ പോലീസ് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണപ്പെട്ടു. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.ജയിലില്‍ കിടക്കാനുള്ള ആഗ്രഹം കൊണ്ടാണ് താന്‍ കൃത്യം നിര്‍വഹിച്ചതെന്നാണ് പോലീസിന് ഇയാള്‍ നല്കിയ മൊഴി.
കുത്തേറ്റ അജ്ഞാതന്‍ മീറ്ററുകളോളം മുന്നോട്ട് ഓടി കമ്മീഷണര്‍ ഓഫീസ് വളപ്പില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പ്രതിക്ക് മാനസീക അസ്വാസ്ഥ്യമുള്ളതായി പോലീസ് സംശയം പ്രകടിപ്പിച്ചെങ്കിലും അങ്ങനെയൊന്നുമില്ലെന്നാണ് വളയത്തെ നാട്ടുകാരുടെ മൊഴി. മൃതദേഹം ഒരാഴ്ചയിലധികമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കസബ പോലീസാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.