സുൽത്താൻ ബത്തേരി: നായ്ക്കട്ടിയിൽ വെള്ളിായാഴ്ച ഉച്ചയ്ക്കു രണ്ടു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ബാക്കി. നായ്ക്കട്ടി ഇളവന (ചെരുവിൽ) അബ്ദുൽ നാസറിന്റെ വീട്ടിൽ എങ്ങനെയാണ് സ്ഫോടനം നടന്നതെന്ന ചോദ്യത്തിനു ശരിയുത്തരം ഇനിയും ആയില്ല. അബ്ദുൽ നാസറിന്റെ ഭാര്യ അംല എന്ന അമൽ(36), മൂലങ്കാവ് എറളോട്ടുകുന്നിൽ പെരുങ്ങോട്ടിൽ ബെന്നി (48) എന്നിവരാണ് സ്ഫോടനത്തിൽ മരിച്ചത്. നായ്ക്കട്ടിയിലെ അക്ഷയകേന്ദ്രം ഉടമയാണ് അമൽ. വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ് അബ്ദുൽനാസറിന്റെ കുടുംബസുഹൃത്തായ ബെന്നി.
ദേഹത്തു കെട്ടിവച്ച സ്ഫോടകവസ്തു അമലിനെ ചേർത്തുപിടിച്ച് ബെന്നി പൊട്ടിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതു ശരിയോ എന്നു വ്യക്തമാകാൻ പോലീസ് അന്വേഷണം പൂർത്തിയാകണം. ബെന്നിയുടെ കടയിൽ പോലീസ് നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതായാണ് വിവരം.
ഇന്നലെ ഉച്ചക്ക് 1.10 ഓടെയാണ് നാടിനെ നടുക്കിയ സംഭവം. സ്ഫോടനത്തിൽ ബെന്നിയുടെയും അമലിന്റെയും ശരീരഭാഗങ്ങൾ ചിന്നിച്ചിതറി. സ്ഫോടനം നടന്നപ്പോൾ അബ്ദുൽനാസർ പള്ളിയിലായിരുന്നു. അഞ്ചുവയസുള്ള ഇളയ മകൾ ആയിഷ മാത്രമായിരുന്നു അമലിനു പുറമേ വീട്ടിൽ.
ചിന്നിച്ചിതറിയ അമലിന്റെയും ബെന്നിയുടെയും ശരീരഭാഗങ്ങളും രക്തവും ആയിഷയുടെ ദേഹത്തു തെറിച്ചു. ആശാരിപ്പണിക്കാരനായ ബെന്നി നായ്ക്കട്ടിയിൽ ഫർണിച്ചർ ഷോപ്പ് നടത്തുകയാണ്. അബ്ദുൽനാസറിന്റെ കുടുംബവുമായി ഇയാൾക്കു ദീർഘകാല സൗഹൃദമുണ്ട്. അപ്പ വന്ന് പടക്കം പൊട്ടിച്ചെന്നാണ് ആയിഷ നാട്ടുകാരോടു പറഞ്ഞത്.
പിതാവിന്റെ സ്നേഹിതനായ ബെന്നിയെ ആയിഷ അപ്പ എന്നാണ് വിളിക്കുന്നത്. നാസറിന്റെ വീട്ടിലും അക്ഷയ സെന്ററിലും ബെന്നി പതിവുസന്ദർശകനായിരുന്നു. കുടുംബ സുഹൃത്തുക്കൾ എന്ന നിലയിലാണ് നാസറിനെയും ബെന്നിയെയും നാട്ടുകാർ കണ്ടിരുന്നത്.
അഡീഷണൽ എസ്പി കെ.കെ. മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു ഇൻക്വസ്റ്റ്. ഉഗ്രശേഷിയുള്ളതാണ് പൊട്ടിത്തെറിച്ച സ്ഫോടകവസ്തുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വിശദാന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.