സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രിംകോടതിയില്‍ ബി.ജെ.പി നേതാവിന്റെ പൊതുതാല്‍പര്യ ഹര്‍ജി. അഭിഭാഷകനും ഡല്‍ഹിയിലെ ബി.ജെ.പി നേതാവുമായ അശ്വനി ഉപാധ്യായയാണ് ഇത് സംബന്ധിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ആധാറുമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ആരായാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും അശ്വനിയുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്.
രാജ്യത്ത് നിലവില്‍ 35 ദശലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകളും, 325 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവയില്‍ 10 ശതമാനം വ്യാജമാണെന്നും അശ്വനി ഉപാധ്യയ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കി.
രാജ്യത്തെ നിരവധി കലാപങ്ങളും വര്‍ഗീയ ലഹളകളും സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് ഉണ്ടാവുന്നതെന്നും ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നും ഇയാള്‍ പറഞ്ഞു.
രാജ്യത്തെ നിരവധി പ്രമുഖരുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ട്. പലപ്പോഴും ഇതില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന സംശയമുണ്ടാകുന്നുണ്ടെന്നും അശ്വനി ഉപാധ്യായ പറഞ്ഞു.