വിജയ കിരീടമണിഞ്ഞ പലരുടെയും ജീവിത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്ക് നോക്കിയാല്‍ കാണുന്ന കാഴ്ച അത്ര മനോഹരമായിരിക്കില്ല. കഷ്ടപ്പാടിന്റെയും വേദനയുടെയും മുറിപ്പാടുകളാവും അവിടെ കാണാന്‍ സാധിക്കുക. ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ സ്വര്‍ണം നേടിയ തമിഴ്‌നാട് സ്വദേശി ഗോമതി മാരിമുത്തുവിന് പറയാനുള്ളതും അത്തരത്തിലുള്ള ഒരു കഥയാണ്.
കണ്ണു നിറഞ്ഞാണ് മാധ്യമങ്ങളോട് ഗോമതി ആ കഥ പറഞ്ഞത്. കടന്നുപോയ പ്രതിസന്ധികള്‍ നിറഞ്ഞ ജീവിതത്തെക്കുറിച്ച് ഗോമതി പറയുന്നതിങ്ങനെ: അച്ഛനായിരുന്നു കരുത്ത്. എന്നാല്‍ വാഹനാപകടത്തില്‍ പരുക്കേറ്റതോടെ അച്ഛന് നടക്കാന്‍ തന്നെ ബുദ്ധിമുട്ടായി. അച്ഛന്റെ അടുത്ത് ഒരു സ്‌കൂട്ടറുണ്ടായിരുന്നു. അതായിരുന്നു ആകെയുള്ള ആശ്വാസം. രാവിലെ നാല് മണിക്ക് എഴുന്നേറ്റ് പരിശീലനത്തിന് പോകുമ്പോ ഈ സ്‌കൂട്ടറായിരുന്നു ഏകരക്ഷ. ബസ് സ്റ്റോപ്പ് വരെ അച്ഛന്‍ ഈ സ്‌കൂട്ടറില്‍ കൊണ്ടുവിടും”
വൈദ്യുതി പോലുമില്ലാത്ത തിരുച്ചിയിലെ ആ ഗ്രാമത്തില്‍ അന്ന് ഭക്ഷണത്തിന് വേണ്ടി ബുദ്ധിമുട്ടിയ കാലം മറക്കാനാകില്ല. ”പലപ്പോഴും ആകെ കുറച്ച് ഭക്ഷണമുണ്ടായിരുന്നത്. അഞ്ച് പേരുള്ള കുടുംബത്തിന് ഇത് തികയുമായിരുന്നില്ല. പരിശീലനത്തിന് പോകുന്നതിനാല്‍ എനിക്ക് കൂടുതല്‍ ഭക്ഷണം ആവശ്യമായിരുന്നു. അതും പോഷകാഹാരം.
ഞാന്‍ പരിശീലനത്തിന് പോകുമ്പോള്‍ അച്ഛന്‍ എനിക്കുള്ള ഭക്ഷണം എടുത്തുവെക്കും. പലപ്പോഴും അച്ഛന് കഴിക്കാന്‍ ഒന്നുമുണ്ടാകില്ല. കന്നുകാലികള്‍ക്ക് കൊടുക്കാന്‍ വെച്ച തവിട് കഴിച്ചാകും അച്ഛന്‍ വിശപ്പകറ്റുക. ഇപ്പോഴും അതിന്റെ വേദന ഉള്ളിലുണ്ട്. ട്രാക്കില്‍ നില്‍ക്കുമ്പോഴെല്ലാം അത് ഓര്‍മ്മയിലെത്തും. ഈ നിമിഷത്തില്‍ എന്റെ അച്ഛന്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. എന്റെ ദൈവം തന്നെയാണ് അച്ഛന്‍. ഗോമതി പറയുന്നു.