തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഫോനി ചുഴലിക്കാറ്റിന്റെ തീവ്രത വർധിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് അതിതീവ്രമാകും.
വടക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ പത്തു കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തമിഴ്നാട്, ആന്ധ്ര തീരത്തോടടുക്കും. ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ തിങ്കളും ചൊവ്വയും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി.
ന്യൂനമർദത്തിന്റെ പ്രഭാവത്തിൽ കേരളത്തിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിലും ചിലപ്പോൾ 60 കിലോമീറ്റർ വരെ വേഗത്തിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.
ഈ കാലയളവിൽ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോടു ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും കേരള തീരത്തും മത്സ്യബന്ധനത്തിനു പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ തീരത്തു തിരിച്ചെത്തണമെന്ന നിർദേശവും നേരത്തെ നൽകിയിരുന്നു.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അഥോറിറ്റിയും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.