ഗാന്ധിനഗർ: ദമ്പതികൾക്ക് വെട്ടേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ. ആർപ്പൂക്കര മണിയാപറന്പ് വാവക്കാട്ടിൽ പാപ്പച്ചൻ (65), ഭാര്യ ശ്രീമതി (55) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മൂത്തമകൻ സന്തോഷി(40)നെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പാപ്പച്ചന്റെ വീട്ടിലാണ് സംഭവം.
പാപ്പച്ചന്റെ പേരിൽ രണ്ടര ഏക്കർ പാടശേഖരമുണ്ട്. അതിൽ അര ഏക്കർ നിലത്തെ കൃഷിയിൽനിന്നുള്ള വരുമാനമായ 22,500 രൂപ നൽകുന്നത് സംബന്ധിച്ചുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പാപ്പച്ചന്റെ പേരിലുള്ള വസ്തു ആയതിനാൽ ഇവിടെനിന്നും ലഭിച്ച നെല്ല് സപ്ലൈകോയ്ക്ക് നൽകിയത് പാപ്പച്ചനാണ്.
ഇതിൽ അര ഏക്കറിൽനിന്നും ലഭിച്ച നെല്ലിന്റെ തുകയായ 22,500 രൂപ സന്തോഷിന് നൽകിയിരുന്നില്ല. ഈ പണം സർക്കാരിൽനിന്നും ലഭിച്ചശേഷം സന്തോഷ് വാങ്ങുന്നതിനായി വീട്ടിൽ എത്തിയതായിരിന്നു. തുടർന്നു പണം സംബന്ധിച്ചു തർക്കം ഉണ്ടാകുകയും സന്തോഷ് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയും ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ശ്രീമതിയുടെ തലയ്ക്കും പാപ്പച്ചന്റെ കണ്ണിന്റെ മേൽഭാഗത്തുമാണു വെട്ടേറ്റത്. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഇവരെ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പാപ്പച്ചൻ നൽകിയ മൊഴി അനുസരിച്ചാണ് പോലീസ് സന്തോഷിനെ രാത്രി തന്നെ പിടികൂടിയത്.