പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിനു പിന്നാലെ വോട്ടിംഗ് യന്ത്രങ്ങള്‍ക്കുണ്ടായ അപാകതകള്‍ സംബന്ധിച്ച് പരാതിയുമായി യുഡിഎഫ്. തപാല്‍ ബാലറ്റുകള്‍ വ്യാപകമായി തിരിമറി നടത്തുന്നുവെന്ന ആരോപണവുമായി ബിജെപി.
ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിംഗ് മെഷീനുകള്‍ 2006 ല്‍ നിര്‍മിച്ചതും ധാരാളം അപാകതകള്‍ ഉള്ളതുമായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്് ആരോപിച്ചു.
വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് സമയത്ത് വ്യാപകമായി അപാകതകള്‍ കണ്ടിട്ടും നടപടികളുണ്ടായില്ല.തെരഞ്ഞെടുപ്പ് ദിവസം ഇരുപത്തിയഞ്ചോളം ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകളില്‍ അപാകതകള്‍ കണ്ടെത്തി. ഇത്ര വ്യാപകമായി വോട്ടിംഗ് മെഷീനുകളില്‍ അപാകതകള്‍ കണ്ടെത്തുന്നത് ആദ്യമായിട്ടാണ്.
തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള അപാകതകളാണ് ജില്ലയില്‍ ഉണ്ടായത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച പഴക്കം ചെന്ന മെഷീനുകള്‍ കേരളത്തിലേക്ക് അയയ്ക്കുകയായിരുന്നു. വരാന്‍ പോകുന്ന ത്രിതല പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക് ഇപ്പോള്‍ ഉപയോഗിച്ച വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ നിവേദനത്തില്‍ ഡിസിസി ആവശ്യപ്പെട്ടു.
വോട്ടിംഗ് മെഷീനിലെ അപാകതകള്‍ കാരണം ജില്ലയില്‍ പല സ്ഥലങ്ങളിലും പോളിംഗ് തടസപ്പെട്ടു. വോട്ടര്‍മാര്‍ക്ക് മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വന്നു. ബൂത്തുകളില്‍ വന്ന കാലതാമസം കാരണം പല വോട്ടര്‍മാരും വോട്ടു ചെയ്യാതെ മടങ്ങിപ്പോയി. പള്ളിക്കല്‍ പഞ്ചായത്തില്‍ പഴകുളം 123- ാം ബൂത്തില്‍ 23 വോട്ടുകളുടെ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്.
തൃപ്തികരമായ വിശദീകരണം നല്‍കുന്നതിന് വരണാധികാരിക്കോ തെരഞ്ഞെടുപ്പ് നിരീക്ഷകനോ സാധിച്ചില്ല. വോട്ടിംഗ് മെഷീനിലെ അപാകത കൊണ്ടാണ് ഇതു സംഭവിച്ചതെന്ന് കാണിച്ച് യുഡിഎഫ് 123- ാം ബൂത്തില്‍ റീപോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു നടപടിയും സ്വീകരിച്ചില്ല.
എന്‍ഡിഎയ്ക്കു വേണ്ടി രാഷ്ട്രീയസ്വയംസേവ സംഘ് പ്രചരിപ്പിക്കുന്ന വോട്ടിംഗ് കണക്കുകള്‍ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് ഡിസിസി പ്രസിഡന്റ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ച വോട്ടിംഗ് ശതമാനം അനുസരിച്ചുള്ള വര്‍ധനയല്ലാതെ പത്തനംതിട്ട പാര്‍ലമെന്റ് സീറ്റില്‍ വിജയിക്കാന്‍ കഴിയുന്ന വോട്ടുകള്‍ സമാഹരിക്കുന്നതിന് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ എന്‍ഡിഎയ്ക്കോ പരിവാര്‍ സംഘടനകള്‍ക്കോ ശേഷിയില്ലെന്നും ബാബു ജോര്‍ജ് പറഞ്ഞു.
മേയ് അഞ്ചിനു ഡിസിസിയില്‍ ലോക്സഭാ തല സമ്പൂര്‍ണ തെരഞ്ഞെടുപ്പ് അവലോകനം നടക്കും. അതിനു മുന്നോടിയായി അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ബ്ലോക്ക് തലത്തില്‍ അവലോകനം നടത്തുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു.തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള തപാല്‍ ബാലറ്റുകളില്‍ കൃത്രിമം നടക്കുന്നതായി എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ. സുരേന്ദ്രന് ആരോപിച്ചു.
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തപാല്‍ ബാലറ്റുകള്‍ വാങ്ങിക്കൊണ്ടുപോകുകയാണ്. ദിവസേന നിരവധി പരാതികളാണ് ഇതു സംബന്ധമായി ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പരാതി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഉന്നയിച്ചിട്ടുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.