കണ്ണൂർ: കണ്ണൂർ ജില്ലയിൽ 90 ശതമാനത്തിൽ കൂടുതൽ പോളിംഗ് നടന്ന ബൂത്തുകളിലെ വെബ്കാമറ ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. എന്നാൽ, 90 ശതമാനത്തിൽ കൂടുതൽ പോളിംഗുണ്ടായ എല്ലാ ബൂത്തുകളിലും കള്ളവോട്ട് നടന്നുവെന്ന അഭിപ്രായം യുഡിഎഫിനില്ല.
പാർട്ടി പ്രവർത്തകർ വാശിയോടെ പരാമാവധി വോട്ടർമാരെ എത്തിച്ച ബൂത്തുകളുമുണ്ട്. ഇത്തരത്തിലുള്ള ബൂത്തുകളും കള്ളവോട്ട് നടന്ന ബൂത്തുകളും സംബന്ധിച്ച വിവരങ്ങൾ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുമെന്ന് യുഡിഎഫ് നേതാക്കൾ പറയുന്നു.
കള്ളവോട്ട് സംബന്ധിച്ച നിയമവിദഗ്ധരുമായി ആലോചിച്ച് ആധികാരികമായി റിപ്പോർട്ട് തയാറാക്കി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് യുഡിഎഫിന്റെ നീക്കം. ഇതിന്റെ ഭാഗമായി ഇന്ന് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും. പരമാവധി തെളിവുകൾ ശേഖരിച്ച് കള്ളവോട്ടിന്റെ വിശദാംശങ്ങൾ പുറത്തെത്തിക്കാനാണ് യുഡിഎഫ് ശ്രദ്ധിക്കുന്നത്.
ഇതിനായി കള്ളവോട്ട് നടന്നതായി സംശയമുള്ള മുഴുവൻ ബൂത്തുകളിലെയും യുഡിഎഫ് ഏജന്റുമാരിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങളുടെ സൂക്ഷ്മപരിശോധന നടത്തി തെളിവുകൾ സഹിതം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലെത്തിക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷനും പിന്നീട് കോടതിയെ സമീപിക്കാനുമാണ് തീരുമാനം.
കണ്ണൂരിൽ നടന്നത് ബൂത്തുപിടിത്തം തന്നെയാണെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി “രാഷ്ട്രദീപിക’യോട് പറഞ്ഞു. പോളിംഗ് ബൂത്തുകൾക്കുള്ളിൽ അസാധാരണമായി വോട്ടർമാരല്ലാത്ത ആളുകൾ കൂടിനിൽക്കുന്നതും അനാവശ്യമായി ഇടപെടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. ബൂത്തിനകത്ത് വോട്ടർമാരെ സ്വാധീനിക്കുന്നത് ബൂത്തുപിടിത്തം തന്നെയാണ്- സതീശൻ പാച്ചേനി പറഞ്ഞു.