തുറവൂർ: ദുരൂഹ സാഹചര്യത്തിൽ മരിച്ച ഒന്നര വയസുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിനെ തുടർന്ന് അറസ്റ്റിലായ അമ്മ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തത് പോലീസിനെ കുഴക്കുന്നു. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡിൽ കൊല്ലംവെളി കോളനിയിൽ ഷാരോണ്‍ – ആതിര ദന്പതികളുടെ മകൾ ആദിഷ കൊല്ലപ്പെട്ട സംഭവത്തിലാണ് അമ്മ ആതിരയെ പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത തോന്നിയതിനെത്തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ കുട്ടിയുടേത് കൊലപാതകമാണെന്നും അമ്മയ്ക്ക് പങ്കുണ്ടെന്നും തെളിഞ്ഞതിനെത്തുടർന്നാണ് അറസ്റ്റുണ്ടായത്.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ ചോദ്യം ചെയ്യലിൽ അമ്മ വ്യക്തമായ മറുപടിയൊന്നും നൽകുന്നില്ലെന്നാണ് പോലീസിൽ നിന്നും കിട്ടുന്ന വിവരം. അമ്മയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പോലീസ് കസ്റ്റഡിയിൽ വാങ്ങിയശേഷം തെളിവെടുപ്പുൾപ്പെടെയുള്ള തുടർനടപടികളുണ്ടാകും. ഇതിലൂടെ മാത്രമേ പൂർണമായ രീതിയിൽ കുട്ടിയുടെ മരണത്തിൽ അമ്മയുടെ പങ്ക് വ്യക്തമാകു.
കുട്ടിയുടെ മുത്തശ്ശൻ, മുത്തശ്ശി, പിതാവ് എന്നിവരെ പോലീസ് ചോദ്യംചെയ്ത് വിട്ടയച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉച്ചയ്ക്ക് 12 വരെ പുറത്തു കളിച്ചു നിന്ന കുട്ടി വീട്ടിലേക്കു കയറി. വീട്ടിനുള്ളിൽ ടിവി കണ്ടു കൊണ്ടിരുന്ന മുത്തച്ഛൻ ബൈജുവിന്റെ അടുത്തെത്തി കളിച്ച ശേഷം അടുത്ത മുറിയിലേക്കു പോയി. അൽപ്പ സമയത്തിനു ശേഷം അടുത്ത മുറിയിൽ നിന്ന് കുട്ടിയുടെ ശബ്ദം കേട്ടപ്പോൾ എന്താണെന്ന് തിരക്കിയെങ്കിലും ആതിര ഒന്നുമില്ലെന്ന മറുപടിയാണ് മുത്തച്ഛനോട് പറഞ്ഞത്.
ഒന്നരയോടെ കുട്ടിയെ തോളിലിട്ടു കൊണ്ട് അടുത്ത വീട്ടിൽ ചെന്ന് കുട്ടി അനങ്ങുന്നില്ലെന്ന് പറഞ്ഞു. എന്തുകൊണ്ട് മുത്തച്ഛനെ അറിയിച്ചില്ല എന്ന് അമ്മ ആതിരയോട് ചോദിച്ചപ്പോൾ അതിന്റെ ആവശ്യം ഇല്ലെന്നായിരുന്നു മറുപടി. തുടർന്ന് അയൽവാസികളോടൊപ്പം കുട്ടിയെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
കുട്ടി മണിക്കൂറുകൾക്ക് മുന്‍പ് മരിച്ചതായാണ് ഡോക്ടർമാർ കണ്ടെത്തിയത്. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ നടന്ന പോസ്റ്റുമോർട്ടത്തിലാണ് കുട്ടിയുടെ മരണം ശ്വാസംമുട്ടിയാണെന്ന് തെളിഞ്ഞത്. മൃതദേഹംം വീട്ടിലെത്തിച്ച് ഉച്ചയ്ക്കുശേഷം 1.30 ഓടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
തുടർന്ന് പട്ടണക്കാട്് പോലീസെത്തി കുട്ടിയുടെ അച്ചൻ ഷാരോണ്‍, അമ്മ്മ ആതിര, മുത്തശ്ശി പ്രിയ ,മുത്തച്ഛൻ ബൈജു എന്നിവരെ കസ്റ്ററ്റഡിയിൽ എടുത്തു. തുടർന്ന് ചേർത്തല എഎസ്പി ആർ. വിശ്വാനാഥ്, പട്ടണക്കാാട് എസ്ഐ അമൃത് രംഗൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടിയുടെ അമ്മ ആതിരയാണ് കുട്ടിയെ കൊന്നതെന്ന് സമ്മതിക്കുകയും, രാത്രിയോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.