എരുമേലി: നൂറുകണക്കിന് പോലീസുകാർ അധിവസിക്കുന്ന ക്യാന്പിൽ ഭക്ഷണമാലിന്യങ്ങൾ തള്ളുന്നത് ഇത്തിരിപ്പോന്ന തുറസായ കുഴിയിൽ. കുഴിനിറഞ്ഞു കവിഞ്ഞിട്ട് മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് സമീപത്തെ ഫോറസ്റ്റ് ഓഫീസിനടുത്തേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും.
ദുർഗന്ധം സഹിക്കാനാകാതെ ആരോഗ്യ വകുപ്പിലും പോലീസ് ക്യാന്പ് അധികൃതർക്കും നാട്ടുകാർ പരാതികൾ നൽകിയിട്ടും നടപടികൾ സ്വീകരിച്ചില്ലെന്ന് ആക്ഷേപം. എരുമേലിയിലെ പോലീസ് ക്യാന്പിന്റെ കാന്റീനിൽ നിന്നാണ് മാലിന്യങ്ങൾ കുഴി നിറഞ്ഞു പരിസര മലിനീകരണം സൃഷ്ടിക്കുന്നത്.
അതേസമയം സ്ഥലപരിമിതിയും അസൗകര്യങ്ങളും മൂലം മാലിന്യപ്രശ്നം പരിഹരിക്കാൻ മാർഗമില്ലാതെ ബുദ്ധിമുട്ടുകയാണ് പോലീസ് ക്യാന്പ് അധികൃതർ. ആവശ്യമായ വെള്ളം ക്യാന്പിൽ ഇല്ല. ജലക്ഷാമം പരിഹരിക്കുന്നത് ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചാണ്. കൂടുതൽ സ്ഥലം സമീപത്ത് തന്നെ കിട്ടുന്നതിന് വകുപ്പിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
പരാതികൾ ലഭിച്ചിട്ടും ആരോഗ്യ വകുപ്പ് പരിഹാര നടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. പരിധിയിൽ കൂടുതൽ മാലിന്യങ്ങൾ ദിവസേനെ എത്തുന്നതിനാൽ അടിയന്തിര പരിഹാരം സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു. മാലിന്യ വിഷയം വഷളാകുന്നതിന് മുന്പ് പരിഹരിക്കണമെന്നും ഓഫീസ് പ്രവർത്തനം ബുദ്ധിമുട്ടിലാണെന്നും ഫോറസ്റ്റ് റേഞ്ച് ഓഫീസ് ജീവനക്കാർ പറഞ്ഞു.