അഹമ്മദാബാദ്: ഗുജറാത്തിലെ കർഷകർക്കെതിരേയുള്ള കേസ് അവസാനിപ്പിക്കാനൊരുങ്ങി പെപ്സികോ. അനുമതിയില്ലാതെയാണ് കർഷകർ ലെയ്സ് നിർമിക്കാൻ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതെന്നും അതു നിയമപ്രകാരം കുറ്റകരമാണെന്നും ചൂണ്ടിക്കാണിച്ചാണു കന്പനി നിയമനടപടി സ്വീകരിച്ചത്.
എന്നാൽ ലെയിസ് ഉപേക്ഷിക്കാനുള്ള ആഹ്വാസം സോഷ്യൽ മീഡിയയിൽ വൈറലാകുന്ന സാഹചര്യത്തിലാണ് പെപ്സികോ കേസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്.
ഇതു സംബന്ധിച്ച നിർദേശം പെപ്സികോ ഇന്ത്യയ്ക്ക് നൽകിയതായി കന്പനിയുടെ ദുബായി ആസ്ഥാനത്തെ ഉദ്യോഗസ്ഥർ പറഞ്ഞു. ഉരുളക്കിഴങ്ങ് കൃഷി ചെയ്ത് കൈമാറിയാൽ കർഷകരെ കേസിൽനിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം പെപ്സികോ നേരത്തെ മുന്നോട്ട് വച്ചിരുന്നു. എന്നാൽ ഈ ആവശ്യം കർഷകർ സ്വീകരിച്ചില്ല.
എഫ്എൽ 2027 ഇനം ഉരുളക്കിഴങ്ങാണ് ലെയ്സ് നിർമിക്കാൻ പെപ്സികോ ഉപയോഗിക്കുന്നത്. ഈ ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങിന്റെ അവകാശം, പ്രൊട്ടക്ഷൻ ഓഫ് പ്ലാൻറ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് ആക്ട് 2001 പ്രകാരം പെപ്സികോ ഇന്ത്യ കന്പനിക്കാണ്.2009ൽ ഇന്ത്യയിലാണ് ഈ വിഭാഗത്തിൽപ്പെടുന്ന ഉരുളക്കിഴങ്ങ് ആദ്യമായി കൃഷി ചെയ്യുന്നത്. പഞ്ചാബിലെ കർഷകരെ ഉപയോഗിച്ചാണ് പെപ്സികോ കന്പനി ഇതിന്റെ ഉത്പാദനം തുടങ്ങിയത്.
കന്പനിക്കു മാത്രമേ ഉരുളക്കിഴങ്ങ് വിൽക്കാവൂ എന്ന വ്യവസ്ഥയിലാണ് അന്നു വിത്തു വിതരണം ചെയ്തിരുന്നത്. ഇതു പി ന്നീടു ഗുജറാത്തിലേക്കും എത്തുകയും കർഷകർ കൃഷിക്ക് ഉപയോഗിക്കുകയും ചെയ്തു. അനുമതിയില്ലാതെയാണ് കർഷകർ ഈ ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തതെന്നും അതു നിയമപ്രകാരം കുറ്റകരമാണെന്നും ചൂണ്ടിക്കാണിച്ചാണു കന്പനി നിയമനടപടി സ്വീകരിച്ചത്.
ഓരോരുത്തരോടും 1.05 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഗുജറാത്തിലെ ആരവല്ലി ജില്ലയിലെ അഞ്ച് കർഷകർക്കെതിരെയും കന്പനി സമാനകേസ് കൊടുത്തിട്ടുണ്ട്.
മഡോസയിലെ ജില്ലാ കോടതിയിൽ ഓരോ കർഷകനും 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പെപ്സികോ കേസുകൊടുത്തത്. കന്പനിയുടെ പരാതിയെത്തുടർന്ന് ഉരുളക്കിഴങ്ങ് കൃഷിയുംവിൽപനയും അഹമ്മദാബാദിലെ കൊമേഴ്സ്യൽ കോടതി തടഞ്ഞിരുന്നു. സാന്പിളുകൾ പരിശോധിക്കാൻ കമ്മീഷണറെ നിയോഗിച്ചു.