തമിഴ് നടന് വിജയ്ക്കൊപ്പമുള്ള തന്റെ ആദ്യ പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ദിനങ്ങളെ കുറിച്ച് വാചാലയായി ബോളിവുഡ് നടി കത്രീന കൈഫ്. വിജയ് തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാര്‍ ആണെന്ന് വളരെ വൈകിയാണ് താന്‍ അറിഞ്ഞതെന്നും വളരെ ലാളിത്യം നിറഞ്ഞ വ്യക്തിയാണ് അദ്ദേഹമെന്നും കത്രീന പറയുന്നു. ഒരു ചാറ്റ് ഷോയിലാണ് താരം വിജയുമൊത്തുള്ള പരസ്യ ചിത്രീകരണത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
‘ഊട്ടിയിലായിരുന്നു പരസ്യത്തിന്റെ ഷൂട്ട്. ഒരു ദിവസം ഷൂട്ടിനിടയില്‍ ഞാന്‍ തറയിലിരുന്ന് ഫോണില്‍ നോക്കുകയായിരുന്നു. അപ്പോഴാണ് എന്റെ മുന്നില്‍ രണ്ടു കാല്പാദങ്ങള് കണ്ടത്. തല ഉയര്‍ത്തി നോക്കാന്‍ മിനക്കെടാതെ ഞാന്‍ വീണ്ടും ഫോണില്‍ തന്നെ നോക്കിയിരുന്നു. കുറച്ചു സമയം കഴിഞ്ഞും ആ പാദങ്ങള്‍ അവിടെത്തന്നെ കണ്ടതോടെ ഞാന്‍ മുഖമുയര്‍ത്തി നോക്കി.’
‘കൂടെ പരസ്യത്തില്‍ അഭിനയിച്ച മനുഷ്യനായിരുന്നു അത്. അദ്ദേഹം തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാര്‍ ആണെന്നു പിന്നീടാണ് ഞാന്‍ അറിഞ്ഞത്. അദ്ദേഹം വളരെയേറെ വിനയമുള്ള ഒരാളായിരുന്നു. എന്നെ ബുദ്ധിമുട്ടിക്കാതെ യാത്ര പറയാനാണ് ഈ നേരമത്രയും അദ്ദേഹം അവിടെ കാത്ത് നിന്നത്’. കത്രീന പറഞ്ഞു.