കെഎസ്ആര്‍ടിസി എന്നു പറഞ്ഞാല്‍ പൊതുവെ മലയാളികള്‍ക്ക് ഒരു വികാരമാണ്. എല്ലാവര്ക്കും കാണും ഗൃഹാതുരത്വത്തോടെ ഓര്‍ക്കാന്‍ സാധിക്കുന്ന കെഎസ്ആര്‍ടിസി അനുഭവങ്ങള്‍. ഇത്തരത്തില്‍ കെഎസ്ആര്‍ടിസി സമ്മാനിച്ച ചില പൂര്‍വകാല അനുഭവങ്ങളെക്കുറിച്ച് ആരാധകരുമായി ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന് ലാല്‍ ജോസ്.
ഫേസ്ബുക്ക് പേജിലൂടെയാണ് ലാല്‍ജോസ് ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ‘ഒരു ഔണ്‍സ് നൊസ്റ്റാള്‍ജിയ കുടിച്ചതിന്റെ കിക്ക്’ എന്നാണ് ആ ഓര്‍മകളെ ലാല്‍ ജോസ് വിശേഷിപ്പിച്ചിരിക്കുന്നത്. തൃശൂരില്‍ നിന്നും തനിക്ക് ലഭിച്ച സുഹൃത്താണ് ബിജു മേനോനെന്നും ലാല്‍ ജോസ് പറയുന്നു.
ലാല്‍ജോസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
നാല്‍പ്പത്തിയൊന്നിന്റെ ഷൂട്ട് കഴിഞ്ഞദിവസം തൃശ്ശൂര്‍ കെ.എസ്.ആര്.ടി.സി സ്റ്റാന്റിലായിരുന്നു. ഇവിടെ നില്ക്കുമ്പോള് കാതോരത്ത് എത്രയെത്ര ഓര്‍മ്മകളുടെ ഹോണടിശബ്ദങ്ങളാണന്നോ..
ദീര്‍ഘ ദൂരയാത്രക്ക് സ്വകാര്യ ‘ഇടിവണ്ടി’കളില്ലാത്ത ആനവണ്ടികളുടെ നല്ല കാലം. ഒറ്റപ്പാലത്ത് നിന്നുളള യാത്രകളില്‍ തൃശ്ശൂര്‍ സ്റ്റാന്റായിരുന്നു ഞങ്ങളുടെ ഇടത്താവളം. ജനിക്കും മുമ്പ് വലപ്പാട്ടുകാരിയായ അമ്മയുടെ വയറ്റില്‍ കിടന്ന് വരെ ഞാന്‍ ഈ സ്റ്റാന്റിലൂടെ യാത്രചെയ്തിട്ടുണ്ട്. കുട്ടിക്കാലത്തെ അവധി ആഘോഷയാത്രകള്‍..
എന്റെ പ്രിഡിഗ്രി മാര്‍ക്ക് ലിസ്റ്റ് കണ്ട് ഒറ്റപ്പാലത്തെ കോളജു പ്രിന്‍സിപ്പാള്‍മാര്‍ ഞെട്ടിയതിനാല്‍ ഡിഗ്രിക്ക് ആരുമങ്ങോട്ട് ആദ്യം അഡ്മിഷന് തന്നില്ല . തൃശ്ശൂരിലെ ഒരു ഈവനിംഗ് കോളേജാണ് കനിഞ്ഞത്. ഈവനിംഗ് കോളേജ് കഴിഞ്ഞ് രാത്രി ഒന്‍പതു മണിക്ക് ദിവസവും ഒറ്റപ്പാലത്തേക്കുളള മടക്കയാത്രകള്‍. ആറുമാസം കഴിഞ്ഞ് ഒറ്റപ്പാലം എന്‍.എസ്.എസ്സില്‍ ഡിഗ്രിക്ക് അഡ്മിഷന് കിട്ടിയപ്പോള്‍ തൃശ്ശൂര്‍ രാത്രികള്‍ക്ക് താത്കാലിക ഇടവേള.
പിന്നീട് സിനിമയില്‍ അസിസ്റ്റന്റായി എത്തിയകാലത്ത് മുണ്ടിനു പകരം ബെല്‍റ്റ് മുറുക്കിയുടുത്ത് നടത്തിയ എറണാകുളം യാത്രകളിലും തൃശ്ശൂര്‍ സ്റ്റാന്റ് സംഭവം തന്നെയായിരുന്നു. ക്യാന്റീനില്‍ കാലിച്ചായ കുടിച്ചിരുന്നു കണ്ട സ്വപ്നങ്ങള്‍. അക്കാലത്ത് രാത്രി ബസ്സുകള്‍ കാത്തിരുന്ന് ഉറങ്ങിപ്പോയ എനിക്ക് എത്രയോ തവണ ബസ്സ്സ്റ്റാന്റിലെ ഉരുളന്‍ തൂണുകള്‍ തലയിണകളായി. വഴിനീളെ കണ്ണില്‍ കണ്ട പുസ്തകങ്ങളും മാസികകളും വാങ്ങിക്കൂട്ടി പഴ്സിലെ അവസാന ശ്വാസവുമായി തൃശ്ശൂര്‍വരെ എത്താനായാല് ഇവിടെ നിന്ന് കടത്തിവിടാനെത്തുമെന്ന് ഉറപ്പുളള സൗഹൃദങ്ങള്‍.. അതിലൊരാളാണ് മ്മടെ ഗഡി ബിജുമേനോന്. അവനാണ് നാല്‍പ്പത്തിയൊന്നിലെ നായകന്. ബിജുവുമായി തൃശ്ശൂര്‍ സ്റ്റാന്റും ക്യാന്റീനുമൊക്കെ ഷൂട്ടുചെയ്യുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഒരൗണ്‍സ് നൊസ്റ്റാള്‍ജിയ കുടിച്ചതിന്റെ കിക്ക്.